തൊടുപുഴയെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും നീക്കി; മൂന്നുപേരുടെ ഫലം കൊവിഡ് നെഗറ്റീവ്

ഇടുക്കി: ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സംശയിച്ച് ആശുപത്രിയിലാക്കിയ മൂന്ന് പേരെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മൂന്ന് പേരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതോടെ തൊടുപുഴയെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്ന് നീക്കി.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് തൊടുപുഴ നഗരസഭാഗം, ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ബെംഗലൂരുവില്‍ നിന്നെത്തിയ നാരകക്കാനം സ്വദേശി എന്നിവര്‍ കൊവിഡ് ബാധിതരാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചത്. തിങ്കളാഴ്ച രാത്രി തന്നെ മൂവരെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

നഗരസഭാംഗത്തിനും നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചതോടെ തൊടുപുഴ ആശങ്കയിലായി. നഴ്‌സ് ജോലി ചെയ്തിരുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗവും നഗരസഭയും അടച്ചു. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യപ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും അടക്കമുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റി. എന്നാല്‍, ചൊവ്വാഴ്ച വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ മൂവര്‍ക്കും കൊവിഡ് ബാധിച്ചോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂവരുടെയും സ്രവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി. ഈ പരിശോധനയിലും തുടര്‍ പരിശോധനയിലും മൂവരുടെയും ഫലങ്ങള്‍ നെഗറ്റീവായി. ഇതോടെ തൊടുപുഴ നഗരസഭയെ ഹോട്ട്‌സ്‌പോട്ട് മുക്തമാക്കിയതായി പ്രഖ്യാപിച്ചു.

Top