ഹോട്ടലിന്റെ ഗ്ലാസ് തകർത്ത് മോഷണം: കള്ളന് ജോലി വാഗ്ദാനം ചെയ്ത് ഉടമ

അറ്റ്‌ലാന്റാ: ഹോട്ടലിൽ കയറി മോഷ്ടിച്ച കള്ളന് ജോലി വാഗ്ദാനം ചെയ്ത് കടയുടമ. ജോർജിയയിലെ അഗസ്റ്റയിലെ ഡയാബ്ലോസ് സൗത്ത് വെസ്റ്റ് ഗ്രിൽ എന്ന റെസ്‌റ്റൊറെന്റിന്റെ ഉടമ കാൾ വാലസ് ആണ് യുവാവിന് ജോലി വാഗ്ദാനം ചെയ്‌തെത്തിയത്. നിരവധി പേരാണ് കാൾ വാലസിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണ ശാലയിൽ എത്തിയപ്പോഴാണ് മുൻ വാതിലിലെ ഗ്ലാസ് തകർന്നനിലയിൽ കണ്ടത്. പുലർച്ചെ നാല് മണിയ്ക്കാണ് മോഷ്ടാവ് ഹോട്ടലിൽ അതിക്രമിച്ച് കയറിയത്. മോഷ്ടാവ് പണം സൂക്ഷിച്ചിരുന്ന ബാഗുമായി നടന്നു പോകുന്നത് സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിരുന്നു. എന്നാൽ ആ ബാഗ് ശൂന്യമായിരുന്നുവെന്ന് കാൾ വാലസ് പറയുന്നു.

ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നീട് കള്ളനോട് സഹതാപം തോന്നി. തുടർന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കൊണ്ടാകാം അയാൾ മോഷണം നടത്തിയത്. തന്റെ ഹോട്ടലിൽ ജോലിയ്ക്കായി അപേക്ഷ നൽകണമെന്നാണ് പോസ്റ്റിൽ അദ്ദേഹം കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം തന്റെ ഫോൺ നമ്പറും കാൾ വാലസ് ചേർത്തിട്ടുണ്ട്.

‘പോലീസില്ല, ചോദ്യങ്ങളൊന്നുമില്ല. നിങ്ങളെ എങ്ങനെ സഹായിക്കാമെന്നും നിങ്ങൾ പോകുന്ന വഴി എങ്ങനെ ശരിയിലേക്ക് നയിക്കാമെന്നും നമുക്ക് സംസാരിക്കാ’മെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇതേ വ്യക്തി വേറെ കടകളിൽ മോഷണം നടത്തിയതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതിനാൽ ആ യുവാവിന്റെ മോഷണം അവസാനിപ്പിക്കാനാണ് താൻ ജോലി വാഗ്ദാനം ചെയ്തതെന്നും കാൾ വാലസ് പ്രതികരിച്ചു.

Top