വളാഞ്ചേരിയിലെ ഹോട്ടലില്‍ മോഷണം; രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: വളാഞ്ചേരിയിലെ നഹ്ദി കുഴിമന്തി ഹോട്ടലില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്ന രണ്ടു പേര്‍ പിടിയില്‍. റെസ്റ്റോറന്റിലെ മുന്‍ ജീവനക്കാരനെയും ബന്ധുവായ സഹായിയെയുമാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി സ്വദേശികളായ ഷറഫുദ്ദീന്‍ (22), മുഹമ്മദ് ഷമീന്‍ (24) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. മൂന്നര വര്‍ഷമായി റസ്സ്‌റ്റോറന്റിലെ കിച്ചണ്‍ മാനേജരായിരുന്നു ഒന്നാം പ്രതിയായ ഷറഫുദ്ദീന്‍. ഇയാളെ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

സ്ഥാപനത്തിന്റെ താക്കോലും മറ്റും സൂക്ഷിക്കാറുള്ള സ്ഥലം അറിയാവുന്ന പ്രതി വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അകത്തുകയറി ക്യാഷ് കണ്ടറിന്റെ പൂട്ട് പൊളിച്ച് മേശയിലുണ്ടായിരുന്ന പത്ത് ലക്ഷത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. കളവ് ചെയ്ത പണവുമായി ഇരുവരും ഊട്ടിയിലേക്ക് കടക്കുകയും ചെയ്തു.

കളവ് നടത്തുന്നതിന് മുന്‍പ് ഹോട്ടലിലുണ്ടായിരുന്ന സിസിടിവി ക്യാമറ നശിപ്പിക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. പ്രതികളുടെ പക്കല്‍ നിന്നും മോഷ്ടിച്ച പണം കണ്ടെത്തി. ഇരുവരും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

 

Top