സംസ്ഥാനത്ത് ചൂട് കൂടുന്നു; പാലക്കാട് ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു

പാലക്കാട്: സംസ്ഥാനത്ത് ചൂട് കൂടുന്നു. പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് മൂന്ന് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ചികിത്സ തേടി.

പാലക്കാട് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില 41 ഡിഗ്രി സെല്‍ഷ്യസാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മാര്‍ച്ച് മാസം ഇക്കുറി രണ്ടാം തവണയാണ് 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് സൂര്യാഘാതത്തിന് മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.

അഞ്ച് ജില്ലകളില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലാണ് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുക. ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ,പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, മലപ്പുറം ,കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുക

അങ്കണവാടികളിലും മറ്റും കുട്ടികള്‍ കൂടിയിരിക്കുന്ന സ്ഥലങ്ങളില്‍ എയര്‍കൂളറുകളും മറ്റ് സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്നും 11 മണി മുതല്‍ വൈകിട്ട് 3 വരെയുള്ള സമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Top