സംസ്ഥാനത്ത് അതികഠിനമായ ചൂട്; പുനലൂരില്‍ ഇന്ന് ആറു പേര്‍ക്ക് സൂര്യാതപമേറ്റു

പുനലൂർ: പുനലൂരിൽ ഇന്ന് ആറു പേർക്ക് സൂര്യാതപമേറ്റു ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ ചൂട് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും. താപ തീവ്രതയുടെ തോതും ഉയരും. സൂര്യാഘാതത്തിന് സാധ്യത വളരെ കൂടുതൽ ആയതിനാൽ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ മാസം 30 വരെ അതീവ ജാഗ്രത തുടരാനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നതുൾപ്പെടുയുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിപ്പ് നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക പ്രകാരം തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയിൽ നിന്ന് ഉയർന്ന നിലയിൽ തുടരാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിപ്പ് നൽകി.

നിർജലീകരണം ഉണ്ടാകുമെന്നതിനാൽ ധാരാളം വെള്ളം കുടിക്കണം. പൊള്ളൽ , ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കൽ സഹായം തേടണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. വരൾച്ച , പകർച്ചവ്യാധി അടക്കം നേരിടാൻ കർമ സമിതികൾ തയാറായിട്ടുണ്ട്. ജില്ലകളിലെ സ്ഥിതി ഗതികൾ കലക്ടറേറ്റുകൾ കേന്ദ്രീകരിച്ചുള്ള കൺട്രോൽ റൂമുകൾ നിരീക്ഷിക്കുന്നുണ്ട്.

Top