കാല് മാറി ശസ്ത്രക്രിയ: ഡോക്ടർക്ക് പിഴവ് പറ്റിയെന്ന് പ്രാഥമിക റിപ്പോർട്ട്

കോഴിക്കോട്: കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ, നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി ബെഹിർ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫീസർക്ക് അഡീഷണൽ ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം ആവശ്യമാണെന്ന് എഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദഗ്ധ വൈദ്യ സംഘം കൂടുതൽ പരിശോധന നടത്തും. തിങ്കളാഴ്ച ആശുപത്രി അധികൃതരെ ഉൾപ്പടെ വിളിച്ചുവരുത്തി തെളിവെടുക്കും. ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിർദ്ദേശ പ്രകാരമാണ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയത്.

നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി കൂടിയാണ് ഡോ പി ബെഹിർഷാൻ. പരാതി വന്ന ദിവസം ആശുപത്രി മാനേജ്മെൻറുമായി നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളിൽ ബഹിർഷാൻ തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ടെന്ന് ശസ്ത്രക്രിയക്ക് വിധേയയായ സജ്നയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ചികിത്സാ രേഖകളെല്ലാം ആശുപത്രി മാനേജ്മെൻറ് തിരുത്തിയെന്ന പരാതിയും കുടുംബം ആവർത്തിക്കുന്നു.

Top