കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം;ആശുപത്രി ജീവനക്കാരനെതിരെ പരാതി

കോഴിക്കോട് : കോഴിക്കോട് കോവിഡ് ബാധിതയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്റെ ശ്രമം. ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലാണ് സംഭവം. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം നടന്നത്. ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും.

ആശുപത്രിയിലെ സെക്യൂരി ജീവനക്കാരനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. നേരത്തെ യുവതിയുടെ ആശുപത്രി റൂം മാറ്റം നടത്തിയത് ഈ യുവാവായിരുന്നു. ഇക്കാര്യം ഓർമ്മിപ്പിച്ചാണ് യുവാവ് ആദ്യം മെസേജ് അയച്ചത്. യുവാവിൽ നിന്നും ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് ആശുപത്രി അധികൃതരെ പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വെബ് വഴി മറ്റാരെങ്കിലും അയക്കുന്നതാവുമെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. നടപടി സ്വീകരിക്കാൻ അധികൃതരും തയ്യാറായില്ല. തുടർന്ന് ഇന്നലെ രാത്രി യുവാവ് ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിക്ക് കോവിഡ് പോസിറ്റീവായത്. തുടർന്ന് മലബാർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. യുവതിയുടെ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവ് ആയി ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

Top