നിപ: ചികിത്സയിലായിരുന്ന യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുമതി തേടി

nipah 1

കൊച്ചി: എറണാകുളത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി തേടി. യുവാവിന്റെ നില തൃപ്തികരമായി തുടരുന്നു. നിപ സംശയിക്കുന്ന ആരും ഇപ്പോള്‍ നിരീക്ഷണത്തിലില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ജില്ലയില്‍ അടുത്തിടെ എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതലെടുക്കണം. പനി, ചുമ, തൊണ്ടവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും എച്ച്1 എന്‍1 രോഗബാധിതരില്‍ നിന്നും പുറത്തേക്ക് വരുന്ന രോഗാണുക്കള്‍ വഴിയാണ് രോഗം പകരുന്നത്.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക. പുറത്ത് പോയി വന്ന ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. രോഗലക്ഷണങ്ങളുള്ളവര്‍ തിരക്കേറിയ മാളുകള്‍, തീയേറ്ററുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. സാധാരണ വരുന്ന ജലദോഷപനി രണ്ട് ദിവസത്തിനുള്ളില്‍ കുറഞ്ഞില്ലെങ്കിലോ പനി കൂടുകയാണെങ്കിലോ, ശ്വാസംമുട്ട്, നെഞ്ചുവേദന എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലോ ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടണം എന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Top