നഴ്‌സുമാരുടെ ശമ്പളവര്‍ധനവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ്‌

Nurses strike

തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പളവര്‍ധനവിനെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍. വര്‍ധനവ് ഒരുതരത്തിലും നടപ്പാക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. ശമ്പള വര്‍ധനവ് സംബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രി സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റുകള്‍ രംഗത്തുവന്നത്.

ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. മറ്റന്നാള്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ സംഘടനകള്‍ കൊച്ചിയില്‍ യോഗം ചേരും. ഇതിന് ശേഷമായിരിക്കും കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുക.

മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിലുള്ളത്. ഇത് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്ന് മാനേജ്‌മെന്റുകള്‍ പറയുന്നു. ചെറിയ രീതിയിലുള്ള വര്‍ധനവാണെങ്കില്‍ ചികിത്സാ ചെലവ് അടക്കം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്‌സുമാര്‍ മാറ്റിവെച്ചിരുന്നു.

അതേസമയം സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

Top