ഗുരുതര രോഗമുള്ളവര്‍ക്ക് 14ാം ദിവസം ആന്റിജന്‍ പരിശോധന, സംസ്ഥാനത്ത് ഡിസ്ചാര്‍ജ് പോളിസി പുതുക്കി

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ആശുപത്രികളിലെ ഡിസ്ചാര്‍ജ് പോളിസി സംസ്ഥാനം പുതുക്കി. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാര്‍ജ് പോളിസി പുതുക്കിയത്.

നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി പനി ഇല്ലാതിരുന്നാല്‍ ഗൃഹ നിരീക്ഷണവും അവസാനിപ്പിക്കാം.

മിതമായ രോഗമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്. ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്‌സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, അമിതക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ അവസ്ഥയില്‍ വീട്ടില്‍ റൂം ഐസൊലേഷനായോ, സി.എഫ്.എല്‍.റ്റി.സി.യിലേക്കോ ഡിസ്ചാര്‍ജ് ചെയ്യാവുന്നതാണ്.

ഗുരുതര രോഗമുള്ളവര്‍ പതിന്നാലാമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാല്‍ ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്‌സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം എന്നിങ്ങനെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതാണ്.

റാപ്പിഡ് ആന്റിജന്‍ പരിശോധനാഫലം പോസിറ്റീവ് ആണെങ്കില്‍ നെഗറ്റീവ് ആകുന്നതു വരെ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തുകയും നെഗറ്റീവ് ആകുമ്‌ബോള്‍ ഡിസ്ചാര്‍ജ് ആക്കുകയും ചെയ്യും.

Top