കണിവെള്ളരി ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാം; പദ്ധതിയുമായി ഹോര്‍ട്ടി കോര്‍പ്

കോട്ടയം: ഇത്തവണത്തെ വിഷു ആഘോഷം ലോക്ഡൗണില്‍ കുടുങ്ങിയെന്ന് കരുതി ആരും വിഷമിക്കേണ്ട. കണിവയ്ക്കാനുള്ള കണിവെള്ളരി ഓണ്‍ലൈനില്‍ കിട്ടും. വെള്ളരിക്ക ഓണ്‍ലൈനില്‍ ഉപഭോക്താക്കള്‍ക്കു നല്‍കാനുള്ള ശ്രമം ഹോര്‍ട്ടികോര്‍പ് ആരംഭിച്ചു. തിരുവനന്തപുരത്തും കണ്ണൂരും ഓണ്‍ലൈന്‍ വിതരണം തുടങ്ങി. അടുത്ത ദിവസം കൊച്ചിയിലും തൃശൂരും ആരംഭിക്കും. മറ്റു ജില്ലകളില്‍ ഓണ്‍ലൈന്‍ വിപണി ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു.

പ്രമുഖ ഭക്ഷണ വിതരണ ഓണ്‍ലൈന്‍ കമ്പനികളാണ് വിതരണം നടത്തുകയെന്ന് ഹോര്‍ട്ടികോര്‍പ് മാനേജിങ് ഡയറക്ടര്‍ ജെ.സജീവ് പറഞ്ഞുവെള്ളരിയുടെ വിളവെടുപ്പ് കൂടിയതാണ് ഓണ്‍ലൈന്‍ വിപണിയിലേക്കു നീങ്ങാന്‍ പ്രേരിപ്പിച്ചത്. 40 ടണ്‍ ഇപ്പോള്‍ തന്നെ സംഭരിച്ചു കഴിഞ്ഞു. വിഷുക്കണിക്കായി മറ്റു സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും വിപണി ലക്ഷ്യമാക്കിയാണ് ഉല്‍പാദനം കൂട്ടിയത്. മലബാര്‍ മേഖലയിലാണ് കൂടുതലും.

ലോക്ഡൗണ്‍ വന്നതോടെ മറുനാട്ടിലേക്കുള്ള വിപണനം മുടങ്ങി. ഓണ്‍ലൈന്‍ വിപണിക്കു പുറമെ കൃഷി വകുപ്പിന്റെ വിഷു വിപണികളിലും കണിവെള്ളരി വില്‍ക്കും.

Top