തീവില നിയന്ത്രിക്കാന്‍ നടപടിയുമായി ഹോര്‍ട്ടികോര്‍പ്; ഊട്ടിയില്‍ നിന്നും പച്ചക്കറി എത്തിക്കും

തിരുവനന്തപുരം: കേരളത്തിലെ തീവില നിയന്ത്രിക്കാന്‍ ഊട്ടിയില്‍ നിന്നു പച്ചക്കറികളെത്തിക്കുന്ന നടപടിയുമായി ഹോര്‍ട്ടികോര്‍പ്. ഇതിനായി തമിഴ്‌നാട് ഹോര്‍ട്ടികോര്‍പ് മിഷന്‍ മാര്‍ക്കറ്റിങ് വിഭാഗം ഉദ്യോഗസ്ഥരുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്നും ഹോര്‍ട്ടികോര്‍പ് എംഡി ജെ.സജീവന്‍ അറിയിച്ചു. ചര്‍ച്ചയിലൂടെ കര്‍ഷക കൂട്ടായ്മകളുമായി കരാറില്‍ ഏര്‍പ്പെടാനാണ് ശ്രമം.

കേരളത്തില്‍ വില കൂടുതലുള്ള പച്ചക്കറികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു സംഭരിച്ചും കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് വില്‍ക്കാനും കൃഷി വകുപ്പ് ആലോചിക്കുണ്ട്. അതേസമയം തെങ്കാശിയിലെ കര്‍ഷക സംഘടനകളുടെ സഹായത്തോടെ നിലവില്‍ ഹോര്‍ട്ടികോര്‍പ് വില്‍പനശാലകളിലേക്ക് പച്ചക്കറി എത്തിക്കുന്നുമുണ്ട്. എന്നാല്‍ കൃഷി വകുപ്പിനു കീഴിലുള്ള ഹോര്‍ട്ടികോര്‍പ് വില്‍പനശാലയില്‍ വിലയില്‍ ഗണ്യമായ കുറവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്തെ പൊതുവിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഉണ്ടായ കൃഷിനാശമാണ് വില ഉയരാന്‍ കാരണം. ഇഞ്ചിക്ക് വിപണിയില്‍ 200 രൂപയ്ക്കു മുകളിലാണ് വില. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തക്കാളി വില 100 മുതല്‍ 140 രൂപ വരെയാണ്. സവാളയുടെ വില 30 രൂപയിലേക്കു താഴ്ന്നപ്പോള്‍ ചെറിയ ഉള്ളി വില 140ല്‍ എത്തി. വിലക്കയറ്റം രൂക്ഷമായതോടെ പല ചെറുകിട വ്യാപാരികളും തക്കാളിയും ഇഞ്ചിയും വാങ്ങുന്നതു നിര്‍ത്തി. ഒരു മാസത്തിനു ശേഷമേ തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും പച്ചക്കറികള്‍ വിളവെടുപ്പിന് പാകമാകൂ. വില കുറയാന്‍ അതു വരെ കാത്തിരിക്കണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Top