പാക്കിസ്ഥാനിലെ വാഹനവിലയിൽ ഭീകര വർദ്ധന; കഴിഞ്ഞ വര്ഷങ്ങളേക്കാൾ 149 ശതമാനം വരെ വർദ്ധനവ്

പാക്കിസ്ഥാനില്‍ വാഹന വില കുതിച്ചുിയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കാറുകളുടെ വില 149 ശതമാനം വരെ ഉയർന്നതായും ഇന്ന് രാജ്യത്ത് ഒരു വാഹനം വാങ്ങുക എന്നത് ഇവിടെ എന്നത്തേക്കാളും ചെലവേറിയതാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

2018 നും 2023 നും ഇടയിൽ കാർ വില 149 ശതമാനം ഉയർന്നതായി പാകിസ്ഥാൻ ബിസിനസ് ഫോറം കണക്കുകള്‍ വ്യക്തമാക്കുന്നതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രധാനമായും യുഎസ് ഡോളറിനെതിരെ പാകിസ്ഥാൻ കറൻസിയുടെ പ്രകടനത്തെയാണ് ഈ വിലക്കയറ്റത്തിന് കുറ്റപ്പെടുത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ മൂന്ന് ഓട്ടോ ബ്രാൻഡുകൾ ഒന്നര മാസത്തിനിടെ മാത്രം മൂന്ന് തവണ വില വർധിപ്പിച്ചതായി പാകിസ്ഥാൻ ബിസിനസ് ഫോറം അഥവാ പിബിഎഫ് വ്യക്തമാക്കുന്നു. യുഎസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപയുടെ മൂല്യം ഇനിയും കുറയുകയാണെങ്കിൽ, വില കൂടുന്ന പ്രവണത ഇനിയും തുടരാം.

ഇന്ത്യ, ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ ലോകമെമ്പാടുമുള്ള പ്രധാന വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ പാക്കിസ്ഥാനി കാർ വ്യവസായം താരതമ്യേന ചെറുതാണ്. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് പരമ്പരാഗതമായി ഉന്നതങ്ങളിൽ നിന്ന് ഉയർന്ന ഡിമാൻഡാണ് ഉള്ളതെങ്കിലും, പല ചെറുകാർ മോഡലുകളും ഒന്നുകിൽ പ്രാദേശികമായി നിർമ്മിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നവയാണ്. എന്നാൽ വിലക്കയറ്റത്തിന്റെ പ്രതിസന്ധി എല്ലാവർക്കും അനുഭവപ്പെടുന്നുണ്ട്. കാർ വാങ്ങുന്നയാൾക്ക് മാത്രമല്ല ഈ വിലക്കയറ്റം അനുഭവപ്പെടുന്നത്. സാധാരണക്കാരുടെ ഗതാഗത മാര്‍ഗ്ഗമായ ഇരുചക്രവാഹനങ്ങളുടെയും വിലയും വർധിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്.

പാക്കിസ്ഥാനിലെ വാഹനങ്ങളുടെ വില അയൽരാജ്യങ്ങളേക്കാൾ വളരെ കൂടുതലാണെന്നും സർക്കാർ ഗൗരവമായി അവലോകനം ചെയ്യേണ്ടതുണ്ടെന്നും പാകിസ്ഥാൻ ബിസിനസ് ഫോറം പറയുന്നു. ഇന്ത്യയിലെ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ലാഭകരമാണെന്ന് വാദിക്കുന്ന പാകിസ്ഥാൻ ബിസിനസ് ഫോറം വില കുറയ്ക്കാൻ വാഹന നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top