ഹോര്‍ലിക്‌സും കോംപ്ലാനും വാങ്ങുന്നതില്‍ നിന്ന് ഐടിസി പിന്മാറി

ഹോര്‍ലിക്‌സ്, ക്രാഫ്റ്റ് ഹെയ്ന്‍സിന്റെ കോംപ്ലാന്‍ എന്നീ ബ്രാന്‍ഡുകള്‍ വാങ്ങുന്നതിനു വേണ്ടിയുള്ള മത്സരത്തില്‍ നിന്ന് ഐടിസി പിന്മാറി. ബ്രാന്‍ഡുകളുടെ ഉയര്‍ന്ന മൂല്യവും തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിക്ക് അനുയോജ്യമല്ലാത്തതുമാണ് കമ്പനിയുടെ പിന്മാറ്റത്തിന് കാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഹെല്‍ത്ത് ഫുഡ് വിഭാഗത്തിലേക്ക് കടക്കാന്‍ തല്‍പ്പരരാണെന്ന് കമ്പനി നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഹോര്‍ലിക്‌സിലൂടെയും കോംപ്ലാനിലൂടെയും അത് വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. സ്വന്തമായി ഈ വിഭാഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനായിരിക്കും കമ്പനി ശ്രമിക്കുന്നത്.

ബ്രാന്‍ഡുകളുടെ മൂല്യവുമായി ബന്ധപ്പെട്ട് തങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയെന്നും ഏറ്റെടുപ്പിനു വേണ്ട ചെലവ് വളരെ ഉയര്‍ന്നതാണെന്നും ഐടിസി ഫുഡ്‌സിന്റെ ഡിവിഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഹേമന്ദ് മാലിക് പറഞ്ഞു.

ഇത്തരത്തിലുള്ള ഏറ്റെടുപ്പുകള്‍ വെല്ലുവിളി സൃഷ്ടിക്കുമെന്നും, ഈ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ പാനീയ വിപണി വളരെ താല്‍പ്പര്യമുണര്‍ത്തുന്നതാണെന്നും, ഭാവിയില്‍ അത് പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായേക്കാമെന്നും ഇത്തരമൊരു വിഭാഗത്തെ തങ്ങള്‍ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നെസ്ലേ, കൊക്ക കോള, പെപ്‌സി തുടങ്ങി നിരവധി ആഗോള കമ്പനികള്‍ ഹോര്‍ലിക്‌സിനു വേണ്ടിയുള്ള മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ തയ്യാറായി രംഗത്തുണ്ട്. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ മാറിയതിനനുസരിച്ച് പഞ്ചസാര കൂടുതല്‍ അടങ്ങിയ പാനീയങ്ങളില്‍ നിന്നും ആരോഗ്യകരമായവയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ് ഈ കമ്പനികള്‍.

Top