എസ്എസ്എല്‍സിയില്‍ മികച്ച വിജയം കൈവരിച്ച് ‘ഹോപ്പ്’ വിദ്യാര്‍ത്ഥികള്‍

കേരളാ പൊലീസും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങളും പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്ന നൂതന സംരംഭമാണ് ഹോപ്പ്. പലവിധ മാനസികാരോഗ്യ പ്രശ്‌നങ്ങളാലും സാമൂഹിക വെല്ലുവിളികള്‍ മൂലവും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പത്താം ക്ലാസ്സ് പരീക്ഷയില്‍ തോല്‍വി സംഭവിക്കുകയോ ചെയ്ത കുട്ടികളെ കണ്ടത്തി പ്രത്യേക പരിശീലനം നല്‍കി അവര്‍ക്കു അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ഹോപ്പ് പദ്ധതി ലക്ഷ്യമിടുന്നത്.

അക്കാദമികമായി മികവ് പുലര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത നിപുണതകള്‍ പകര്‍ന്നുനല്‍കുന്നതിനും സ്വഭാവപ്രശ്‌നങ്ങള്‍, വൈകാരിക പ്രയാസങ്ങള്‍, ആത്മഹത്യാ ചിന്തകള്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഹോപ്പ് ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തി വരുന്നു.

ഈ അദ്ധ്യയന വര്‍ഷം ഹോപ്പ് പദ്ധതിയുടെ ഭാഗമായി 522 കുട്ടികളാണ് 19 പൊലീസ് ജില്ലകളില്‍ നിന്നായി എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഇതില്‍ 465 കുട്ടികളും പരീക്ഷയില്‍ മികച്ച വിജയം നേടി ഉന്നത വിദ്യാഭ്യാസത്തിനു അര്‍ഹരായി.

ഹോപ്പ് പദ്ധതിക്കായി വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് സെന്ററിലും അദ്ധ്യാപകരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട പരിശീലനമൊരുക്കിയത്. കുട്ടികള്‍ക്കുള്ള ക്ലാസ്സുകള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലന ക്ലാസുകളും സംഘടിപ്പിക്കുന്നു.

ഹോപ്പ് പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാര്‍ത്ഥികളുടെ കഴിവുകളും വെല്ലുവിളികളും ശാസ്ത്രീയമായി വിലയിരുത്തിയാണ് വ്യക്തിഗത പാഠപദ്ധതി തയ്യാറാക്കുന്നത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും തെരഞ്ഞെടുത്ത അറിവും കഴിവുമുള്ള വ്യക്തികളെ മെന്റ്റര്‍മാരായി പരിശീലിപ്പിച്ചെടുക്കുന്നു. തുടര്‍ന്നു കുട്ടികളനുഭവിക്കുന്ന വെല്ലുവിളികള്‍ക്കനുസൃതമായി വ്യക്തിഗത മെന്ററിങ് ഉറപ്പാക്കുന്നു. ഹോപ്പ് അദ്ധ്യാപകരുടെയും മെന്റ്റര്‍മാരുടെയും മേല്‍നോട്ടത്തിലാണ് ഓരോ കുട്ടിയും പഠന പ്രക്രിയയില്‍ ഏര്‍പ്പെടുന്നത്. പരീക്ഷക്ക് മുന്‍പായി സംഘടിപ്പിക്കുന്ന സഹാവാസ പഠന കളരികളും കുട്ടികള്‍ക്ക് വിജയമുറപ്പാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.

ഈ വര്‍ഷം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കുട്ടികളുടെ പഠനം മികച്ച രീതിയില്‍ കൊണ്ടുപോകുന്നതിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ സമയാസമയങ്ങളില്‍ ഒരുക്കുന്നതിനും ഹോപ്പ് സെന്ററുകള്‍ പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു.

ഹോപ്പ് പദ്ധതിയിലുടെ വിദ്യാര്‍ത്ഥികള്‍ നേടിയ മികച്ച വിജയം അടിസ്ഥാനമാക്കി പദ്ധതിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ശ്രദ്ധയും പരിരക്ഷയും ആവിശ്യമായ 2000 ഓളം കുട്ടികളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. പദ്ധതി കാര്യക്ഷമമായി നടപ്പിലാകുന്നതിന് അഡിഷണല്‍ എസ് പി മാരെ എല്ലാ പൊലീസ് ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കാനാണ് തീരുമാനം. എല്ലാ ജില്ലകളിലും പ്രത്യേകമായി പരിശീലിപ്പിച്ച പരിശീലകരുടെ ഒരു പൂള്‍ തയ്യാറാക്കും. നിലവില്‍ വിജയം കൈവരിച്ച കുട്ടികള്‍ക്ക് ഉന്നതപഠനത്തിനു സൗകര്യമൊരുക്കും. കൂടാതെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ കുട്ടികള്‍ക്കു തൊഴില്‍പരമായ നിപുണതകള്‍ പകര്‍ന്നു നല്‍കാനുമാണ് തീരുമാനം.

Top