ജെ.എന്‍.യു സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ് പ്രതീക്ഷിക്കുന്നു; രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം:ജെ.എന്‍.യുവില്‍ മുഖം മൂടി ധാരികള്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് പ്രതീക്ഷിക്കുന്നെന്ന് രാഹുല്‍ ഈശ്വര്‍. അത്തരത്തിലൊരു പ്രസ്താവന ഉണ്ടാകുകയാണെങ്കില്‍ ഈ അവസ്ഥയില്‍ അത് ആശ്വാസകരമാകുമെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.

ഇടതായാലും വലതായാലും ആക്രമണങ്ങള്‍ നടത്തുന്നത് തെറ്റാണെന്നും മഹാത്മാ ഗാന്ധിയെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയില്‍ പ്രധാനമന്ത്രി ഈ ആക്രമണത്തെ അപലപിച്ച് ഒരു പ്രസ്താവന പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഈശ്വര്‍ ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

എബിവിപി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Top