ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു

റിയാദ്: സൗദിയിലെ നജ്‌റാന്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. സൗദിയുടെ വിവിധ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് ഹൂതികളുടെ മിസൈല്‍ ആക്രമണം തുടര്‍ച്ചയായിട്ടുണ്ട്.

ഇന്നലെ രാത്രി 8.20 നായിരുന്നു സംഭവം നടന്നത്. യമനിലെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന അംറാന്‍ എന്ന ചെറു നഗരത്തില്‍ നിന്നാണ് മിസൈല്‍ എത്തിയത്. സൗദിയുടെ തെക്കുപടിഞ്ഞാറ് അതിര്‍ത്തി പ്രദേശമായ നജ്‌റാന്‍ നഗരമായിരുന്നു ലക്ഷ്യം. എന്നാല്‍ ലക്ഷ്യം കാണുന്നതിനു മുമ്പ് സൗദി വ്യോമ പ്രതിരോധ സേന ആകാശത്തു വെച്ച് മിസൈല്‍ തകര്‍ത്തു. പരിക്കോ നാശനഷ്ടങ്ങളോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജനവാസ കേന്ദ്രമായിരുന്നു ഹൂതി ഭീകരവാദികളുടെ ലക്ഷ്യമെന്നു സഖ്യസേന വക്താവ് കേര്‍ണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഇറാന്‍ പിന്തുണയോടെയാണ് ഹൂതികള്‍ നിരന്തരം മിസൈലുകള്‍ അയക്കുന്നത്. ഇത് യു.എന്‍ പ്രമേയങ്ങളുടെ നിരന്തര ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മാസമായി സൗദിയെ ലക്ഷ്യം വെച്ച് മിസൈലുകളും ഷെല്ലുകളും ഹൂതികള്‍ വിക്ഷേപിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും തകര്‍ത്തിട്ടുണ്ട്. ചില മിസൈലുകള്‍ തകര്‍ന്നും, അവശിഷ്ടങ്ങള്‍ പതിച്ചും ആളപായവും പരിക്കും ഉണ്ടായിട്ടുണ്ട്.

Top