ദുരഭിമാന മര്‍ദനം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: സഹോദരി പ്രണയിച്ചു വിവാഹം കഴിച്ചയാള്‍ മതംമാറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആക്രമിച്ചു മാരകമായി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയായ ഡോക്ടര്‍ കുറ്റം സമ്മതിച്ചു. ആനത്തലവട്ടം ബീച്ച് റോഡ് ദീപ്തി കോട്ടേജില്‍ ഡാനിഷ് ജോര്‍ജിനെ (29) ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്നാണു റൂറല്‍ എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു.

ചിറയിന്‍കീഴ് ആനത്തലവട്ടം എം.എ.നിവാസില്‍ മിഥുന്‍ കൃഷ്ണ(25)യ്ക്കാണു ദുരഭിമാന ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്. ഡാനിഷ് തമിഴ്‌നാട്ടിലേക്കു കടന്നിരുന്നു. മിഥുന്‍ കൃഷ്ണയുടെ കൂടെയുണ്ടായിരുന്ന ആള്‍ തന്റെ അമ്മയോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് ഡാനിഷ് ജോര്‍ജ് മൊഴി നല്‍കി.

ഇതരമതത്തില്‍ നിന്ന് വിവാഹം കഴിച്ചശേഷം മതം മാറാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് ഭാര്യയുടെ സഹോദരന്‍ മിഥുന്‍ കൃഷ്ണനെ മര്‍ദിച്ചുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. മതം മാറണമെന്ന് ആവശ്യപ്പെട്ടെന്നും ചര്‍ച്ച നടത്താന്‍ വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നെന്നും മിഥുന്റെ അമ്മ അംബിക നല്‍കിയ പരാതിയില്‍ പറയുന്നു.

എറണാകുളം ചേപ്പനം റോഡില്‍ വി.ജെ.ക്ലിനിക് ഫാമിലി ഹോസ്പിറ്റല്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനം നടത്തുകയാണ് ഡാനിഷ്. മിഥുനും ഡാനിഷിന്റെ സഹോദരി ദീപ്തിയും രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ മാസം 28ന് രഹസ്യമായി ഒരു ക്ഷേത്രത്തില്‍ വിവാഹിതരായി. തുടര്‍ന്ന് 31ന് വിവാഹം പള്ളിയില്‍ നടത്തിക്കൊടുക്കാമെന്നു ഡാനിഷ് വാക്കു നല്‍കി. അതനുസരിച്ച് പള്ളിയില്‍ എത്തിയപ്പോള്‍ മതം മാറണമെന്നു മിഥുന്‍ കൃഷ്ണയോടു ഡാനിഷ് ആവശ്യപ്പെട്ടതായാണു പരാതി.

ദമ്പതികള്‍ വഴങ്ങിയില്ല. തുടര്‍ന്നു ദീപ്തിയുടെ അമ്മയെ കാണിക്കാന്‍ എന്ന മട്ടില്‍ ഇരുവരെയും വിളിച്ചു വരുത്തിയ ശേഷം മിഥുന്‍ കൃഷ്ണയെ അതിക്രൂരമായി തല്ലിച്ചതച്ചെന്നാണു കേസ്. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റു ബോധരഹിതനായി വീണ മിഥുന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Top