കൊറോണ വൈറസ്; ഹോങ്കോംഗിലും 78 ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു

ഹോങ്കോംഗ് സിറ്റി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഹോങ്കോംഗിലും ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു. വേള്‍ഡ് ഡ്രീമെന്ന കപ്പലാണ് പിടിച്ചിട്ടിരിക്കുന്നത്. ഇതിലെ 3688 യാത്രക്കാരില്‍ 78 പേര്‍ ഇന്ത്യക്കാരാണ്. ഈ കപ്പലിലെ മൂന്നു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം, ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ജപ്പാനിലെ യോക്കോഹാമ കടലില്‍ പിടിച്ചിട്ടിരിക്കുന്ന ആഢംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 3700 പേരില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. കപ്പലിലുള്ള 64 പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസമായി യോക്കോഹാമ തുറമുഖത്താണ് കപ്പല്‍. എന്നാല്‍ കപ്പലില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടവരില്‍ ഇന്ത്യക്കാരില്ല. കപ്പലിലെ യാത്രക്കാര്‍ ജപ്പാന്‍ സേനയോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

കൊറോണ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കപ്പലിലെ നാലായിരത്തോളം വരുന്ന സഞ്ചാരികളേയും ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ നിന്നും ഇതുവരെ യാത്രക്കാരെ പുറത്തിറങ്ങാന്‍ സമ്മതിച്ചിട്ടില്ല.

കപ്പലിലുണ്ടായ എണ്‍പതുകാരനായ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ ആദ്യം പരിശോധിച്ചത്. ഇതില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മുഴുവന്‍ യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു.

Top