ഹോംങ്കോംഗ് വിഷയത്തിൽ ശക്തമായി പ്രതികരിച്ച്‌ അമേരിക്ക

വാഷിംഗ്ടൺ: ഒരു ഇടവേളയ്ക്ക് ശേഷം ഹോംങ്കോംഗ് വിഷയത്തിൽ അമേരിക്കയുടെ ശക്തമായ പ്രതികരണം. ചൈനയുടെ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. ഹോംങ്കോംഗ് അധികൃതർ ചൈനയുടെ കയ്യിലെ കളിപ്പാവയായിരിക്കുന്നുവെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റ് വ്ക്താവ് നെഡ് പ്രൈസ് ആരോപിച്ചു.

‘ഹോങ്കോംഗിൽ 7 പേരെ ചൈനീസ് സൈന്യം വീണ്ടും പിടികൂടിയിരിക്കുന്നു. എല്ലാവർക്കുമെതിരെ അടിസ്ഥാനരഹിതമായ രാഷ്ട്രീയ ആരോപണമാണെടുത്തിരിക്കുന്നത്. നഗരത്തിൽ സമാധാനമായി പോലും പ്രതിഷേധിക്കാൻ ഒരാളേയും അനുവദിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.’ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

ഹോംങ്കോംഗിന് മേൽ ദേശീയ സുരക്ഷാ നിയമം എന്ന പേരിലാണ് ചൈന അധിനിവേശം നടപ്പാക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ എല്ലാ പിന്തുണയിലുമാണ് ഹോങ്കോംഗ് വൻ വികസനത്തിലേയ്ക്ക് എത്തിയതെന്ന് ചൈന മറക്കുകയാണെന്നും പ്രൈസ് പറഞ്ഞു. ബ്രിട്ടനുമായി ഒപ്പിട്ട സ്വയം ഭരണ കരാറെല്ലാം കാറ്റിൽ പറത്തിയ ചൈന ഹോംങ്കോംഗിൽ ഒരു സമയത്ത് പ്രതിഷേധത്തെ അടിച്ചമർത്തിയത് അതിക്രൂരമായിട്ടാണ്. ചൈനീസ് സൈന്യം മാദ്ധ്യമപ്രവർത്തകർ, പ്രമുഖവ്യക്തികൾ, വിദ്യാർത്ഥികൾ എന്നിവരെ അറസ്റ്റ് ചെയ്ത് ഭീകരത സൃഷ്ടിക്കുകയാണ്. ആഗോള രാജ്യങ്ങളുടെ എതിർപ്പുകളെ ചൈന കണ്ടില്ലെന്ന് നടിക്കുന്നത് ദൂരവ്യാപകമായ ഫലം സൃഷ്ടിക്കുമെന്നും പ്രൈസ് പറഞ്ഞു.

 

Top