ഹോങ്കോങിലെ ജനകീയ പ്രക്ഷോഭം; കുറ്റവാളികളെ കൈമാറുന്ന നിയമം നടപ്പാക്കില്ലെന്ന് കാരി ലാം

ഹോങ്കോങ്: കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഹോങ്കോങ്ങില്‍ ആഴ്ചകളായി നടക്കുന്ന പ്രക്ഷോഭം വിജയം കണ്ടു. കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്ന നിയമം നടപ്പാക്കില്ലെന്ന് ഹോങ്കോങ് ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം പറഞ്ഞു. ഞാന്‍ വ്യക്തമാക്കി പറയുന്നു, ബില്‍ ഇനിയില്ല. ബില്ലിനു വേണ്ടിയുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടു -ലാം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോങ്കോങ്ങില്‍ വന്‍ റാലികളും ന്യൂനപക്ഷം വരുന്ന തീവ്രസ്വഭാവക്കാരായ പ്രക്ഷോഭകരുമായുള്ള പൊലീസ് ഏറ്റുമുട്ടലുകളും നടന്നുവരുകയാണ്. നിയമത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ജനാധിപത്യ പരിഷ്‌കരണത്തിനുള്ള സമരമായും വികസിക്കുന്നതിനിടെയാണ് ഹോങ്കോങ് അധികൃതരുടെ നീക്കം.

കഴിഞ്ഞ ദിവസം അര്‍ധരാത്രി കലാപ വിരുദ്ധ സേനയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി പ്രക്ഷോഭകര്‍ അറസ്റ്റിലായിരുന്നു. മോങ്‌കോക് ജില്ലയില്‍ മുഖംമൂടി ധരിച്ച് അര്‍ധരാത്രി റോഡിലൂടെ നടക്കുകയായിരുന്ന യുവാക്കളുമായാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതും അറസ്റ്റ് ചെയ്തതും.

Top