സൈനിക നടപടികളിലേക്ക് നീങ്ങേണ്ടി വരും ; പ്രക്ഷോഭകാരികള്‍ക്ക് മുന്നറിയിപ്പുമായി ചൈന

ഹോങ്കോങ്: ഹോങ്കോങ്ങില്‍ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. സംയമനത്തിന്റെ ഭാഷയില്‍ ഇനി മുന്നോട്ടുപോകാനാകില്ലെന്നും സൈനിക നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ചൈന വ്യക്തമാക്കി.

സൈനിക നടപടികള്‍ക്ക് മുന്നോടിയായി ഷെന്‍സന്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ അര്‍ധസൈനിക വിഭാഗത്തെ രംഗത്തിറക്കി. ഹോങ്കോങ്ങില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ അമേരിക്കക്ക് പങ്കുണ്ടെന്നാണ് ചൈനയുടെ ആരോപണം.

പ്രക്ഷോഭകരോട് ജനാധിപത്യപരമായ രീതിയില്‍ ഇടപെടണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍, ആയുധങ്ങളുമേന്തിയാണ് പ്രക്ഷോഭകര്‍ എത്തുന്നതെന്ന് ചൈന പ്രതികരിച്ചു. വിമാനത്താവളം ഉപരോധിച്ചതില്‍ സങ്കടമുണ്ടെന്നും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് അത്തരം സമരമാര്‍ഗങ്ങള്‍ സ്വീകരിച്ചതെന്നും സമരക്കാര്‍ അറിയിച്ചു.

പ്രതിഷേധം രൂക്ഷമായതോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നൂറുകണക്കിനു വിമാന സർവീസുകള്‍ ഹോങ്കോങ് റദ്ദാക്കിയിരുന്നു. പ്രവർത്തനം നിർത്തിവച്ച ഹോങ്കോങ് വിമാനത്താവളം ബുധനാഴ്ചയാണു തുറന്നത്. വിമാനത്താവളം ഉപരോധിച്ചതിന് 5 പേർ ശനിയാഴ്ച അറസ്റ്റിലായതോടെ കുറ്റവാളിക്കൈമാറ്റ ബില്ലുമായി ബന്ധപ്പെട്ട് ജൂണിൽ ആരംഭിച്ച സമരത്തിൽ അറസ്റ്റിലായവരുടെ എണ്ണം 600 കടന്നു.

ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ ചൈനയില്‍ വിചാരണ ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് ഹോങ്കോങ്ങില്‍ പ്രക്ഷോഭം ആരംഭിച്ചത്. രണ്ട് മാസം മുൻപ് തുടങ്ങിയ പ്രതിഷേധത്തെ തുടർന്ന് നിയമം പിൻവലിച്ചുവെങ്കിലും പൊലീസ് ക്രൂരതയെക്കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിൽ സംഘടിതമായി മാറുകയും ചെയ്തു.

Top