ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമം; ഹോങ്കോങില്‍ ആദ്യ അറസ്റ്റ് !

ബെയ്ജിങ്: ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം ബുധനാഴ്ച ഹോങ്കോംഗ് പോലീസ് ആദ്യ അറസ്റ്റ് നടത്തി. ബ്രിട്ടിഷ് ഭരണം അവസാനിച്ചതിന്റെ 23ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജനാധിപത്യ അനുകൂല റാലിയില്‍ പങ്കെടുത്ത ഒരു സ്ത്രീയും ഉള്‍പ്പെടെ 10 പേരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ്
ചെയ്തത്.

നിയമവിരുദ്ധമായ അസംബ്ലി, ആയുധങ്ങള്‍ കൈവശം വയ്ക്കല്‍, പുതിയ നിയമം ലംഘിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ചുമത്തി 370 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തതായി ഹോങ്കോംഗ് പോലീസ് പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമടക്കം പൊലീസ് പ്രയോഗിച്ചു.

ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി 50 പേരില്‍ കൂടുതല്‍ ഒത്തുകൂടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചതിനാണ് അറസ്റ്റ് എന്നാണ് ഔദ്യോഗിക വിശദീകരണം.

പുതിയ ദേശീയ നിയമപ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് ജീവപര്യന്തം തടവ് വരെ ലഭിച്ചേക്കാം. ഈ ഞായറാഴ്ചയാണ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി നിയമം പാസാക്കിയത്. സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ മാസങ്ങളായി നടക്കുന്ന ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് നിയമമുണ്ടാക്കിയത്.

Top