ഹോങ്കോങ്ങ് താരങ്ങളെ അഭിനന്ദിച്ച് ഇന്ത്യന്‍ താരങ്ങള്‍; വീഡിയോ വൈറല്‍

ദുബായ്: ഏഷ്യ കപ്പില്‍ ഇന്ത്യയെ വിറപ്പിച്ച ഹോങ്കോങ്ങ് താരങ്ങളെ, മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂട്ടരും അഭിനന്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഹോങ്കോങ്ങിന്റെ ഡ്രസ്സിംഗ് റൂമിലെത്തിയാണ് ഇന്ത്യന്‍ ടീം അഭിനന്ദനം അറിയിച്ചത്.

ധോണിക്കും രോഹിത്തിനും ഒപ്പം ചിത്രങ്ങള്‍ എടുക്കാന്‍ ഹോങ്കോങ്ങ് താരങ്ങള്‍ ഒപ്പം ചേര്‍ന്നു. മത്സരത്തില്‍ ധോണിയെ പൂജ്യത്തിന് പുറത്താക്കിയ ഇഷാന്‍ ഖാനും ധോണിക്കൊപ്പം ചിത്രം എടുക്കാനെത്തി. ഈ ഒരു നിമിഷത്തിനായി കഴിഞ്ഞ 10 വര്‍ഷമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ഇഷാന്‍ ഖാന്‍ ധോണിയോട് പറഞ്ഞു. സ്വപ്നസാക്ഷാത്കാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോങ്കോങ്ങ് താരങ്ങളെ കണ്ട് തങ്ങളുടെ കളിയനുഭവങ്ങള്‍ പങ്കുവെച്ചുവെന്ന് ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. ഭുവിക്കും ധോണിക്കും രോഹിത്തിനുമൊപ്പം കെ.എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, എന്നിവരുമുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ 26 റണ്‍സിനാണ് ഇന്ത്യ ഹോങ്കോങ്ങിനെ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 286 റണ്‍സടിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ 174 റണ്‍സടിച്ച് ഹോങ്കോങ്ങ് വിറപ്പിച്ചിരുന്നു. എങ്കിലും 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുക്കാനെ ഹോങ്കോങ്ങിനായുള്ളു.

Top