ചൈനീസ് ദേശീയ ​ഗാനത്തെ അപമാനിച്ച ഹോങ്കോങ് ഓൺലൈൻ മാധ്യമ പ്രവർത്തകക്ക് തടവുശിക്ഷ

ബീജിങ്: ചൈനീസ് ദേശീയഗാനത്തെ അപമാനിച്ചതിന് ഹോങ്കോങ്ങിൽ യുവതിക്ക് തടവുശിക്ഷ. 2021 ജൂലൈയിൽ ​ഹോങ്കോങ് താരം ഒളിമ്പിക്‌സ് സ്വർണം നേടിയ സമയം ചൈനീസ് ദേശീയഗാനം ആലപിച്ചപ്പോൾ കൊളോണിയൽ കാലത്തെ ഹോങ്കോങ്  പതാക വീശിയതിനാണ് 42-കാരിയായ ഓൺലൈൻ ജേണലിസ്റ്റ് പോള ല്യൂങ്ങിനെ മൂന്ന് മാസത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. തനിക്ക് ഓട്ടിസവും പഠന പ്രശ്‌നങ്ങളുമുണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും ല്യൂങ് പറഞ്ഞു. ഹോങ്കോങ് ഫെൻസർ താരം എഡ്ഗർ ചിയുങ്ങിന്റെ മെഡൽദാന ചടങ്ങ് ഷോപ്പിങ് മാളിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുമ്പോൾ ലിയൂങ്  പഴയ കൊളോണിയൽ കാലത്തെ പതാക വീശുകയായിരുന്നു.

ഒളിമ്പിക്സിൽ ഹോങ്കോങ് ചൈനയെ പ്രതിനിധീകരിക്കാതെ പ്രത്യേകമായാണ്  മത്സരിക്കുന്നത്. ഹോങ്കോങ് അത്‌ലറ്റിന് ഒളിമ്പിക്‌സ് മെഡൽ ദാന ചടങ്ങിൽ ചൈനീസ് ഗാനം ആലപിക്കുന്നത് ഇതാദ്യമാണ്. 1996-ൽ യുഎസിൽ നടന്ന അറ്റ്‌ലാന്റ ഒളിമ്പിക്‌സിൽ ലീ ലൈ-ഷാൻ സ്വർണം നേടിയപ്പോൾ ഹോങ്കോങ്ങിന്റെ കൊളോണിയൽ കാലഘട്ടത്തിലെ പതാക ഉയർത്തിയിരുന്നു. 2019 ൽ, ഹോങ്കോങ്ങിൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ നടന്നപ്പോൾ, പ്രതിഷേധക്കാർ  കൊളോണിയൽ കാലഘട്ടത്തിലെ പതാക വീശിയിരുന്നു. 2021 ജൂലൈയിൽ ചൈനീസ് ദേശീയഗാനത്തെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കി മാറ്റി.

Top