കുറ്റവാളികളെ ചൈനയ്ക്ക് കൈമാറില്ല; ബില്‍ റദ്ദാക്കി ഹോങ്കോങ് ഭരണകൂടം

ഹോങ്കോങ്: കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറുന്നതിനുള്ള ബില്‍ ഹോങ്കോങ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കി. കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ഹോങ്കോങില്‍ കഴിഞ്ഞ മൂന്ന് മാസമായി ജനകീയ പ്രക്ഷോഭം തുടരുകയായിരുന്നു. മാസങ്ങളോളം നീണ്ട പ്രക്ഷോഭത്തിനും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് ഈ നീക്കം.

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറുന്നതിനായി കൊണ്ടുവന്ന ബില്ല് ഏപ്രിലിലാണ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ലക്ഷകണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചതോടെ ബില്‍ താത്ക്കാലികമായി പിന്‍വലിച്ചിരുന്നു.

എന്നാല്‍ ബില്‍ നിയമമാക്കാനുള്ള നീക്കം പൂര്‍ണ്ണമായി അവസാനിപ്പിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. മധ്യ ഹോങ്കോങ്ങിലെ വിക്ടോറിയ ചത്വരത്തില്‍നടന്ന പ്രതിഷേധറാലിയില്‍ പത്തുലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തിരുന്നു.

വിവാദ ബില്‍ പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് നിരവധിപ്പേരാണ് പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങിയിരുന്നത്. നഗരത്തെ കൂടുതല്‍ അധീനപ്പെടുത്താനുള്ള ചൈനയുടെ, ശ്രമമാണ് ഈ നിയമഭേദഗതിക്കു പിന്നിലെന്നാണ് പ്രക്ഷോഭകാരികള്‍ ആരോപിച്ചിരുന്നത്.

ഭരണാധികാരി കരീലാം രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചൈനയെ പിന്തുണക്കുന്നയാളാണ് ലാം. 1842 മുതല്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങിനെ 1997-ല്‍ ബ്രിട്ടന്‍ ചൈനയ്ക്ക് കൈമാറിയതിന് ശേഷം ഇവിടെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.

Top