ഹോങ്കോങ് വിമാനത്താവളത്തില്‍ തടിച്ച് കൂടി പ്രതിഷേധക്കാര്‍; സര്‍വീസുകള്‍ റദ്ദാക്കി

ഹോങ്കോങ്: വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതിനേത്തുടര്‍ന്ന് ഹോങ്കോങില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെക്ക്-ഇന്‍ പ്രോസസ് കഴിഞ്ഞ വിമാനങ്ങളും ഇപ്പോള്‍ പുറപ്പെട്ടവയുമൊഴികെ മറ്റുള്ളവയാണ് റദ്ദാക്കിയത്.യാത്രക്കാരോട് എത്രയും വേഗത്തില്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

5,000ഓളം പ്രതിഷേധക്കാരാണ് വിമാനത്താവളത്തിലും പരിസരത്തുമായി ഒത്തുചേര്‍ന്നിരിക്കുന്നത്. ഹോങ്കോംഗ് സുരക്ഷിതമല്ലെന്നുള്ള പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയാണ് പ്രതിഷേധക്കാര്‍ സംഘടിച്ചിരിക്കുന്നത്.

രണ്ടു മാസത്തിലധികമായി നടക്കുന്ന ചൈനാവിരുദ്ധ പ്രക്ഷോഭത്തിന് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ശ്രദ്ധ കിട്ടാന്‍ ഉദ്ദേശിച്ചാണിത്. ഹോങ്കോംഗിലെത്തുന്ന ടൂറിസ്റ്റുകള്‍ തങ്ങള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതിഷേധക്കാര്‍ കരുതുന്നത്.

കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഹോങ്കോങ്ങില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ജനാധിപത്യ പരിഷ്‌കരണത്തിനുള്ള പ്രക്ഷോഭമായി മാറുകയായിരുന്നു.

Top