ഹണിപ്രീത് ഇന്‍സാന്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ ഉണ്ടായിരുന്നു: അഭിഭാഷകന്‍ പ്രദീപ് ആര്യ

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് തിങ്കളാഴ്ച ഡല്‍ഹിയില്‍ ഉണ്ടായിരുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ പ്രദീപ് ആര്യ.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒപ്പ് ഇടുന്നതിനുവേണ്ടിയാണ് ഹണിപ്രീത് തന്റെ ഓഫീസിലെത്തിയതെന്ന് പ്രദീപ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ഡല്‍ഹിയിലെ ലജ്പത് നഗറിലുള്ള ഓഫീസിലാണ് ഹണിപ്രീത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹണിപ്രീതിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അപേക്ഷിക്കുമെന്നും പ്രദീപ് പറഞ്ഞു. 151, 152, 153, 120ബി, 121എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഹണിപ്രീതിനെതിരെ കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 18ന് ഹണിപ്രീതിനെ ഹരിയാന പോലീസ് പിടികിട്ടാപുള്ളിയായും പ്രഖ്യാപിച്ചിരുന്നു.

അനുയായികളായ രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ കോടതി ഗുര്‍മീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 43 പേരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഹണിപ്രീതിനെ ഹരിയാന പോലീസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സംഭവശേഷം ഒളിവില്‍ പോയ ഹണിപ്രീതിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അവര്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നുവെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.

Top