കാറില്‍ ചേക്കേറിയത് പതിനായിരത്തിലധികം തേനീച്ചകള്‍; കൗതുകമായി കാഴ്ച

വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ പാര്‍ക്ക് ചെയ്തു പോയി തിരിച്ചു വന്നപ്പോള്‍ ആല്‍ബര്‍ട്ട്‌സണ്‍ ഒന്ന് ഞെട്ടി. കാറിന്റെ ഒരു വശത്തെ ഗ്ലാസില്‍ ഒരു കൂട്ടം തേനീച്ചകള്‍ കൂട് കൂട്ടിയിരിക്കുന്നു. ന്യൂ മെക്‌സികോയില്‍ ആണ് സംഭവം നടന്നത്. ഏകദേശം 15,000 ത്തിലധികം തേനീച്ചകളാണ് കാറിനുള്ളില്‍ നുഴഞ്ഞുകയറിയത്. തേനീച്ചക്കൂട്ടത്തെ കണ്ടതോടെ ആല്‍ബര്‍ട്ട്‌സണ്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി തേനീച്ചകളെ സുരക്ഷിതമായി നീക്കുകയായിരുന്നു.

തേനീച്ചകളെ കൊന്നു കളയുന്നതിനോട് താല്‍പര്യമില്ലായിരുന്നു എന്ന് ആല്‍ബര്‍ട്ട്‌സണ്‍ പറയുന്നു . ഇതൊരു മാതൃകയാണെന്നും ഇത്തരം തേനീച്ചകളെ സുരക്ഷിതമായി നീക്കി പുനരധിവസിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനായ ജെസ്സി ജോണ്‍സണ്‍ പറഞ്ഞു. തേനീച്ച വളര്‍ത്തല്‍ കേന്ദ്രത്തിലേക്കാണ് കാറില്‍ നിന്നും എടുത്ത തേനീച്ചകളെ മാറ്റിയത്. കാറില്‍ നിന്ന് തേനീച്ചകളെ മാറ്റുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന് ഒരു കുത്ത് കിട്ടിയതൊഴികെ മറ്റു അപകടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനസംഖ്യ വര്‍ദ്ധിക്കുന്നത് കൊണ്ടാണ് കോളനികള്‍ വിട്ട് തേനീച്ചകള്‍ നഗരത്തിലെത്തുന്നത് എന്നാണ്
വിദഗ്ധര്‍ പറയുന്നത്. പലരും കൂട്ടത്തോടെ രാജ്ഞിക്കൊപ്പം കോളനി വിടും. പിന്നീട് സമീപത്തുള്ള മരത്തിലോ കെട്ടിടത്തിലോ കൂടുകൂട്ടും. ഇത്തരത്തിലുള്ള തേനീച്ചകള്‍ അപകടകാരികളല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Top