പാക്ക് ഹണിട്രാപ്പ് ; രഹസ്യങ്ങള്‍ ചോര്‍ത്തിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: എയര്‍ഫോഴ്‌സിലെ നിര്‍ണ്ണായക വിവരങ്ങള്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓഫീസര്‍ അറസ്റ്റില്‍. വ്യാഴാഴ്ചയാണ് അന്‍പത്തിയൊന്നുകാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മാര്‍വയെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റു ചെയ്തത്.

സ്ത്രീയെന്നു നടിച്ചു സമൂഹമാധ്യത്തിലൂടെ അടുപ്പം കാട്ടിയ രണ്ടു പാക്ക് ഏജന്റുമാര്‍ക്ക് അരുണ്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യോമസേനയുടെ ഡല്‍ഹിയിലുള്ള ആസ്ഥാനത്തു ജോലി ചെയ്തിരുന്ന അരുണ്‍ മാര്‍വയ്‌ക്കെതിരെ ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് (ഔദ്യോഗിക രഹസ്യ നിയമം) പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഏഴുവര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണിത്.

ജനുവരി 31-നാണ് എയര്‍ഫോഴ്‌സ് ഇന്റലിജന്റ്‌സ് മാര്‍വയെ കസ്റ്റഡിയിലെടുക്കുന്നത്. ഇദ്ദേഹത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ ഇന്റലിജെന്റ് വിഭാഗം പിടിച്ചെടുക്കുകയും ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹി പൊലീസിന് വിട്ട് നല്‍കുകയായിരുന്നു.

“ഓഫീസിന്റെ നിയമ പ്രകാരം ഇയാള്‍ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുന്നു. അതിനാല്‍ മുതിര്‍ന്ന ഓഫീസറായ ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നുവെന്നാണ്” എയര്‍ഫോഴ്‌സിന്റെ പ്രത്യേക അന്വേഷണ സംഘം കമ്മീഷണര്‍ എംഎം ഒബ്രോയി അറിയിച്ചത്.

2017-ഡിസംബറിലാണ് മാര്‍വ പാക്ക് രഹസ്യന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങിയത്. ഏജന്റിനോട് ലൈംഗീക സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍വയുടെ മൊബൈല്‍ പിടിച്ചെടുക്കുകയും ഇദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം നല്‍കിയ അക്കൗണ്ടിലൂടെയാണ് അവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ചാറ്റിങ്ങിലൂടെയും വാട്ട്‌സാപ്പിലൂടെയും അരുണിന്റെ വിശ്വാസം നേടിയെടുത്തതിനുശേഷമായിരുന്നു ഇത്.

പണമിടപാടുമായുള്ള തെളിവുകളൊന്നും മാര്‍വയുടെ സംഭാഷണത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരത്തിനിടയില്‍ പുറത്ത് വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ ചില ദൃശ്യങ്ങളും, ചിത്രങ്ങളും മൊബൈലില്‍ അയച്ചതായി കണ്ടെത്തിയെന്നും സംഘം വെളിപ്പെടുത്തി.

വ്യോമസേനയുടെ ഔദ്യോഗിക രഹസ്യങ്ങള്‍ ദിവസേന ചോദിക്കുമ്പോള്‍ അവ കൈമാറുകയുമായിരുന്നു അരുണ്‍. ഇന്ത്യയുടെ സൈബര്‍, സ്‌പേസ്, സ്‌പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ രഹസ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ത്തിയതെന്നാണു വിവരം.ആഴ്ചകള്‍ക്കു മുന്‍പ് വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണു വിവരം കണ്ടെത്തിയത്. തുടര്‍ന്ന് അരുണിനെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു.

Top