ഹണി ട്രാപ്പ് ; ഇര പരാതി നൽകിയാൽ കേസെടുക്കുമെന്ന് കേരള പൊലീസ്

ണി ട്രാപ്പിന്റെ മറവില്‍ കേരള പൊലീസിനെ താറടിച്ചു കാണിക്കാന്‍ ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വ്വമായ ശ്രമങ്ങളാണ്. ഒറ്റപ്പെട്ട ഒരു സംഭവത്തെ പര്‍വ്വതീകരിച്ച് അനവധി പൊലീസ് ഓഫീസര്‍മാര്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയതായ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കെ നടക്കുന്നത്. ഒരു വാര്‍ത്താ ചാനല്‍ ഈ ഹണിട്രാപ്പില്‍ എ.ഡി.ജി.പിയും ഐ.ജിയും ഉള്‍പ്പെടെ ഉള്‍പ്പെട്ടതായ വാര്‍ത്തയും പുറത്തു വിട്ടിട്ടുണ്ട്. വ്യക്തമായ ഒരു തെളിവുമില്ലാത്ത വാര്‍ത്തകളാണിത്. ഒരു പൊലീസ് ഉദ്യോഗസ്ഥനോട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചും അതല്ലാതെയും ഒരു യുവതി നടത്തുന്ന സംഭാഷണങ്ങളാണ് ഈ വാര്‍ത്തകള്‍ക്കെല്ലാം ആധാരം. ഈ സംസാരം കേട്ടാല്‍ തന്നെ ഈ യുവതിയുടെ ക്യാരക്ടറും മനസ്സിലാക്കാവുന്നതാണ്. പുറത്തു വന്ന ശബ്ദരേഖ പൂര്‍ണ്ണമായും യുവതിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് തന്നെയാണ്.

പൊലീസ് സ്റ്റേഷനില്‍ കയറി വന്ന് ബഹളം ഉണ്ടാക്കും എന്നുവരെ ഒരു ഘട്ടത്തില്‍ ഈ യുവതി വിളിച്ചു പറയുന്നുണ്ട്. അവര്‍ പൊലീസുദ്യോഗസ്ഥനെ വിളിച്ച തെറിയുടെ ഒരക്ഷരം പോലും ഇവിടെ ഉച്ചരിക്കാന്‍ പറ്റുന്നതല്ല. അത്രയ്ക്കും വൃത്തികെട്ട ഭാഷയാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ നാം ശരിക്കും മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ശബ്ദരേഖ ബോധപൂര്‍വ്വം പുറത്ത് വിട്ടത് തന്നെയാണ് എന്നതാണ്. അത് ആരാണ് എന്നതിന് പൊലീസിന്റെ കയ്യില്‍ ഇപ്പോള്‍ ഉത്തരവും ഉണ്ടായിരിക്കും. പൊലീസ് വാടസ് ആപ്പ് ഗ്രൂപ്പില്‍ ഇങ്ങനെ ഒരു വിഷയം പ്രചരിക്കണമെങ്കില്‍ അതിനു പിന്നിലും വ്യക്തമായ താല്‍പ്പര്യം കാണും. അത് പൊലീസ് സേനയുടെ ജാഗ്രതക്കു വേണ്ടിയാണെങ്കില്‍ നല്ലത്. അതേസമയം കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഹണി ട്രാപ്പില്‍ പെട്ടു എന്ന് പറഞ്ഞ് ഒരിക്കലും ഈ സംഭവത്തെ പര്‍വതീകരിക്കരുത്.

ഇപ്പോള്‍ പുറത്ത് വന്നത് ഒരു ഉദ്യോഗസ്ഥന്റെ കാര്യം മാത്രമാണ്. മറ്റെന്തെങ്കിലും വിവരം കൂടുതലായി ഉണ്ടെങ്കില്‍ അറിയുന്നവര്‍ അതാണ് ആദ്യം തുറന്നു പറയേണ്ടത്. തിരുവനന്തപുരത്തും ആലപ്പുഴയിലും ഉള്ള എസ്.ഐമാരുടെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തത് നേരിട്ടറിയാമെന്ന ശബ്ദരേഖയും ഞെട്ടിക്കുന്നതാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് ഇനി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ്. അതല്ലങ്കില്‍ ട്രാപ്പില്‍ പെടാത്ത ഉദ്യോഗസ്ഥര്‍ കൂടിയാണ് പഴി കേള്‍ക്കേണ്ടി വരിക. നിരവധി വര്‍ഷങ്ങളായി വിവാദ യുവതി ഇങ്ങനെ ഹണിട്രാപ്പ് ഏര്‍പ്പാട് തുടരുകയായിരുന്നു എങ്കില്‍ എന്തിനാണ് പൊലീസ് ഇത്രയും കാലം നോക്കി നിന്നിരുന്നത് ? ഗുരുതരമായ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എങ്കില്‍ ആ യുവതിയെ എന്തുകൊണ്ട് നിരീക്ഷണത്തില്‍ വച്ച് കയ്യോടെ പിടികൂടിയില്ല എന്നതിനും പൊലീസ് ഉന്നതര്‍ മറുപടി നല്‍കേണ്ടതുണ്ട്.

ഫോണ്‍ ചോര്‍ത്തലും നിരീക്ഷണവും എല്ലാം മറ്റു ‘കാര്യങ്ങളില്‍’ കൃത്യമായി ചെയ്യുന്നവര്‍ എന്തു കൊണ്ടാണ് കാക്കിയെ ‘ഇരയാക്കി’ വേട്ടയാടുന്ന സ്ത്രീയെ വെറുതെ വിട്ടിരുന്നത് എന്നതാണ് മനസ്സിലാകാത്തത്. ഇക്കാര്യത്തില്‍ ചില പൊരുത്തകേടുകള്‍ നിലവിലുണ്ട്. അത് എന്തായാലും ഈ ഘട്ടത്തില്‍ പറയാതെ വയ്യ. പൊലീസുദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ പെടുത്തുക എന്നതിനര്‍ത്ഥം ”കടുവയെ കിടുവ പിടിക്കുക ‘ എന്നത് തന്നെയാണ്. ഇര ഒറ്റയായാലും എണ്ണം കൂടുതലായാലും, ഞെട്ടിക്കുന്ന സംഭവം തന്നെയാണിത്. അതു കൊണ്ട് തന്നെ, വിശദമായ അന്വേഷണവും നടപടിയും അനിവാര്യവുമാണ്. ഹണിട്രാപ്പ് നടന്നിട്ടുണ്ടെങ്കില്‍ ഇരകളില്‍ ആരെങ്കിലും പരാതി നല്‍കി കുറ്റവാളിയെ തുറങ്കിലടക്കാന്‍ അവസരം ഒരുക്കുകയാണ് വേണ്ടത്. പൊലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ പെടുത്താന്‍ മടിക്കാത്ത യുവതി തീര്‍ച്ചയായും മറ്റുള്ളവരെയും ഇതേ മാര്‍ഗ്ഗത്തില്‍ ചതിച്ചിട്ടുണ്ടായിരിക്കും. അതു കണ്ടെത്താന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.

ഒരാള്‍, അത് സ്ത്രീ ആയാലും പുരുഷനായാലും എന്തിനാണ് അടുക്കാന്‍ ശ്രമിക്കുന്നതെന്ന നല്ല ബോധ്യം ആദ്യം ഉണ്ടാവേണ്ടത് ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ്. ആ ബോധ്യം ഇല്ലാതെ പോയതു കൊണ്ടാണ് ഇത്തരം സംഭവങ്ങളും ഉണ്ടാകുന്നത്. ക്രിമിനലുകളെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ തിരിച്ചറിയുന്ന കാക്കിക്കാണ് ഒരു പെണ്ണിനെ കണ്ടപ്പോള്‍ പിഴച്ചിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്ന എല്ലാ ശബ്ദ സംഭാഷണങ്ങളും പരിശോധിച്ചാല്‍ ഒരു കാര്യം എന്തായാലും ഉറപ്പാണ് ട്രാപ്പായാലും അല്ലെങ്കിലും ഈ പൊലീസ് ഉദ്യോഗസ്ഥനും യുവതിയും തമ്മില്‍ അരുതാത്തതെന്തോ സംഭവിച്ചതു കൊണ്ട് മാത്രമാണ് ഇത്രയും രൂക്ഷമായി പ്രതികരിക്കാന്‍ യുവതിക്ക് ധൈര്യം ലഭിച്ചിരിക്കുന്നത്. ഈ തെറിവിളിയാകട്ടെ കേരള പൊലീസിനെയാകെ മാനം കെടുത്തുന്നതുമാണ്. പൊലീസുദ്യോഗസ്ഥരെ എന്തു തെറിവിളിച്ചാലും കുഴപ്പമില്ല എന്ന ബോധം സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നത് നല്ലതിനല്ല. ഇക്കാര്യത്തില്‍ ശക്തമായ നടപടി അനിവാര്യം തന്നെയാണ്.

അതിന് ആദ്യം വേണ്ടത് തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ ഹണിട്രാപ്പില്‍ കുരുക്കപ്പെട്ട ഒരാളുടെ പരാതിയാണ്. പൊലീസ് ആയാലും മറ്റാര് തന്നെ ആയാലും ഇത്തരത്തില്‍ കുരുക്കപ്പെട്ടവരുണ്ടെങ്കില്‍ അവര്‍ ആദ്യം രേഖാമൂലം പരാതി നല്‍കാനാണ് തയ്യാറാകേണ്ടത്. അങ്ങനെ ആരും രംഗത്ത് വന്നില്ലങ്കില്‍ കേരള പൊലീസിനെ നാണം കെടുത്തിയ ഈ യുവതി രക്ഷപ്പെടുമെന്നു മാത്രമല്ല, പിന്നീട് പിന്‍ഗാമികള്‍ ഉദയം ചെയ്താല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. അതിന് പൊലീസായിട്ട് അവസരമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. സ്ത്രീപീഡനം എന്നു പറയേണ്ടത് ‘ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ്. അതല്ലാതെ ഇത്തരത്തില്‍ ട്രാപ്പില്‍പ്പെടുത്തി കുരുക്കുന്നതിനെ ആ രൂപത്തില്‍ ഒരിക്കലും വിലയിരുത്താന്‍ കഴിയുകയില്ല. നിയമം സ്ത്രീകള്‍ക്കു നല്‍കുന്ന പ്രത്യേക പരിരക്ഷ ആര് തന്നെ ദുരുപയോഗം ചെയ്താലും അതും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇക്കാര്യം നീതിപീഠം പരിശോധിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

സ്ത്രീ പീഡകരെ കല്‍തുറങ്കില്‍ അടയ്ക്കുന്ന ശക്തമായ നിയമമാണ് നമ്മുടെ നാട്ടിലുള്ളത്. സ്ത്രീയെ പീഡിപ്പിച്ചു എന്നറിഞ്ഞാല്‍ ഉടന്‍ തന്നെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുന്ന മാധ്യമങ്ങളും ഈ നാട്ടില്‍ ഏറെയുണ്ട്. ഇക്കാര്യം ശരിക്കും അറിയാവുന്നത് കൊണ്ട് തന്നെയായിരിക്കും വിവാദ ഓഡിയോ സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ ട്രാപ്പിലായ പൊലീസ് ഉദ്യോഗസ്ഥനോട് ‘മാധ്യമങ്ങളില്‍ വാര്‍ത്ത വരും” എന്ന ഭീഷണി ഈ സ്ത്രീ മുഴക്കിയിരിക്കുന്നത്. ഇവരുടെ നാവും പ്രവര്‍ത്തിയും ശരിയല്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ട് മാത്രമാണ് തല്‍ക്കാലം മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോള്‍ പൊലീസിനെ വെറുതെ വിട്ടിരിക്കുന്നത്. അതല്ലായിരുന്നു എങ്കില്‍ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സെന്‍സേഷന്‍ കേരള പൊലീസിനെ ഹണി ട്രാപ്പില്‍ വീഴ്ത്തിയ ഈ കഥ തന്നെ ആയിരിക്കുമായിരുന്നു.

ഹണിട്രാപ്പ് വിഷയം കേരളത്തില്‍ ചര്‍ച്ച ചെയ്ത ഏക ചാനല്‍ ബി.ജെ.പി അനുകുല ചാനലാണ്. അതിന് അവര്‍ക്ക് രാഷ്ട്രീയമായ കാരണങ്ങളും ഉണ്ട്. കേരള പൊലീസിനെ പിണറായി പൊലീസായി മാത്രം കാണുന്നവര്‍ക്ക് അങ്ങനെ മാത്രമേ വിലയിരുത്താനും കഴിയുകയൊള്ളൂ. ഒറ്റപ്പെട്ട ചില സംഭവങ്ങളെ പര്‍വ്വതീകരിച്ച് ഒരു സേനയെ ആകെ നാണം കെടുത്തുന്നത് ആരായാലും അത് ദൗര്‍ഭാഗ്യകരമാണ്. അതേസമയം സോഷ്യല്‍ മീഡിയകളില്‍ യുവതിയുടെ സംഭാഷണവും വാട്‌സ് ആപ്പ് ചാറ്റും പ്രചരിച്ചതോടെ മറ്റു ചില ചാറ്റുകളും ഇതോടൊപ്പം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതില്‍ ചില ഉന്നത ഉദ്യോഗസ്ഥരും സിനിമാനടനുമാണ് ഇരകള്‍. ഇത്തരം ചാറ്റുകള്‍ പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായാണ് ശ്രമിച്ചിരിക്കുന്നത്. ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങള്‍ പോലും ഫേക്ക് വാട്‌സ് ആപ്പ് ചാറ്റ് വഴി സൃഷ്ടിച്ച് അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്താണ് പ്രചരിപ്പിക്കുന്നത്. ഇത്തരം ഫെയ്ക്ക് മെസ്സഞ്ചര്‍ ആപ്പുകള്‍ ഉപയോഗിച്ചാല്‍ ആര്‍ക്കും ആരുമായും ചാറ്റ് ചെയ്തതായി വിശ്വസിപ്പിക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നാണ് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയ കോടതികളിലും ഈ ആപ്പുകളെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരിലും മാത്രമാണ് ഇത്തരം തറവേലകള്‍ ഏശാതെ പോകുക. ജനങ്ങളില്‍ നല്ലൊരു വിഭാഗത്തിനും ഇതേക്കുറിച്ച് വലിയ ബോധ്യമില്ലാത്തതിനാലാണ് തെറ്റിധരിപ്പിക്കാന്‍ കഴിയുന്നത്. നിരവധി തട്ടിപ്പു സംഭവങ്ങളില്‍ ഇരകളെ വിശ്വസിപ്പിക്കാന്‍ പ്രതികള്‍ ഈ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ തട്ടിപ്പിനല്ല നാണം കെടുത്താനാണ് ഉപയോഗിക്കുന്നതെന്ന വ്യത്യാസം മാത്രമാണുള്ളത്. ഈ ചാറ്റുകളുടെ ഉറവിടം തേടി സ്റ്റേറ്റ് പൊലീസും നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും കടുത്ത നിരീക്ഷണത്തിലാണുള്ളത്. ഹണി ട്രാപ്പിൽ കുടുങ്ങിയ ആരെങ്കിലും യുവതിക്കു എതിരെ പരാതി നൽകാൻ തയ്യാറായാൽ കേസെടുക്കുമെന്ന് ഉന്നത ഉദ്യാഗസ്ഥരും ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.

EXPRESS KERALA VIEW

 

Top