ഹണി ട്രാപ്പ്; രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തിയ ജവാന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ചാരസംഘടനയ്ക്ക് കൈമാറിയ ജവാന്‍ അറസ്റ്റില്‍. സൈനികന്‍ ഐ.എസ്.ഐയുടെ ഹണി ട്രാപ്പില്‍ പെട്ട് രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി സൈന്യം സ്ഥിരീകരിച്ചു. ഹരിയാന സ്വദേശിയായ സോംബിര്‍ ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്‌സല്‍മാറില്‍ നിന്നാണ് പൊലീസ് സൈനികനെ അറസ്റ്റ് ചെയ്തത്.

ഐ.എസ്.ഐയുടെ ചാരവനിത അനിഘ ചോപ്ര എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ചാണ് സൈനികനുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് നിരന്തരമായി സന്ദേശങ്ങള്‍ അയക്കുകയും താനടക്കമുള്ള സൈന്യത്തിന്റെ വിവരങ്ങള്‍ ഇയാള്‍ ചാറ്റിങ്ങിലൂടെ ചാരവനിതയുമായി പങ്ക് വയ്ക്കുകയും ചെയ്തു.

കഴിഞ്ഞ നാലുമാസമായി സോംബിര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലായിരുന്നു. സൈനികന്റെ പ്രൊഫൈല്‍ കൂടാതെ മറ്റ് അമ്പതോളം പ്രൊഫൈലുകളും ഇത്തരത്തില്‍ കുരുക്കിലായിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവരെ ഇന്റലിജസ് ചോദ്യം ചെയ്ത് വരികയാണ്.കൂടുതല്‍ സൈനികര്‍ ഇത്തരത്തില്‍ കെണിയില്‍ പെട്ടിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനായി ശക്തമായ സംവിധാനങ്ങള്‍ ഒരുക്കാനും സൈന്യം തീരുമാനിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ നഴ്‌സിംഗ് വിഭാഗത്തില്‍ ക്യാപ്റ്റന്‍ റാങ്ക് ഉള്ള ജീവനക്കാരിയാണ് താനെന്ന വ്യാജേനയാണ് ചാരവനിത സൈനികനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത്.

Top