ഹോണ്ടയുടെ വിലക്കുറവുള്ള അഡ്വഞ്ചര്‍ ബൈക്ക് ഈ മാസം വിപണിയിലെത്തും

ഡ്വഞ്ചര്‍ ബൈക്ക് ആരാധകരെ സംബന്ധിച്ച് ഹോണ്ട അല്പം പ്രീമിയം ബ്രാന്‍ഡാണ്. 15.96 ലക്ഷം മുതല്‍ വിലയുള്ള ആഫ്രിക്ക ട്വിന്നും മാര്‍ച്ചില്‍ 6.87 ലക്ഷം എക്സ്-ഷോറൂം വിലയുമായെത്തിയ CB500X-മാണ് ഹോണ്ടയുടെ അഡ്വഞ്ചര്‍ താരങ്ങള്‍. വിലയുടെ കാര്യത്തില്‍ സാധാരണക്കാരന്റെ പോക്കറ്റിലൊതുങ്ങില്ല ഇവ രണ്ടും. എന്നാല്‍ വിഷമിക്കേണ്ട, ഹോണ്ടയുടെ വിലക്കുറവുള്ള അഡ്വഞ്ചര്‍ ബൈക്ക് ഈ മാസം 19ന് വിപണിയിലെത്തും.

ടീസര്‍ വീഡിയോയുമായി ഹോണ്ട തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഹോണ്ടയുടെ പ്രീമിയം ബൈക്കുകള്‍ വില്‍ക്കുന്ന ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ക്ക് പകരം സാധാരണ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് പുത്തന്‍ അഡ്വഞ്ചര്‍ ബൈക്ക് വില്പനക്കെത്തുക. ഇത് വിലക്കുറവുള്ള അഡ്വഞ്ചര്‍ ബൈക്ക് ആയിരിക്കും ഹോണ്ടയുടെ പുത്തന്‍ താരം എന്നുറപ്പിക്കുന്നു.

ഹോണ്ട എന്‍എക്‌സ്200 എന്ന പേര് കമ്പനി ഇന്ത്യയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് അഡ്വഞ്ചര്‍ ബൈക്കിനായാണ് എന്നാണ് വിവരം. മാത്രമല്ല കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹോണ്ട അവതരിപ്പിച്ച ഹോര്‍നെറ്റ് 2.0 അടിസ്ഥാനമായാണ് അഡ്വഞ്ചര്‍ ബൈക്ക് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിവരം. ഹോണ്ട പുറത്ത് വീട്ടിരിക്കുന്ന ടീസര്‍ വീഡിയോയിലെ ഹെഡ്‌ലൈറ്റിന്റെ ഡിസൈന്‍ ഇക്കാര്യം ഉറപ്പിക്കുന്നു.

ഇത് ഹോര്‍നെറ്റ് 2.0 യിലെ എന്‍ജിന്‍ തന്നെയാണ് എന്‍എക്‌സ്200-ലും ഇടം പിടിക്കുക എന്ന സൂചന നല്‍കുന്നു. അങ്ങനെയെങ്കില്‍ 8,500 ആര്‍പിഎമ്മില്‍ 17.03 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 16.1 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന 184.4 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇന്‍ജെക്ഷന്‍ എന്‍ജിനാണ് എന്‍എക്‌സ്200-നെ ചലിപ്പിക്കുക.

ഹോര്‍നെറ്റ് 2.0-ലെ ആകര്‍ഷകമായ ഘടകങ്ങളായ എല്‍ഇഡി ഹെഡ്, ടെയില്‍, ഇന്‍ഡിക്കേറ്റര്‍ ലാമ്പുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മസ്‌കുലാര്‍ ആയ പെട്രോള്‍ ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ അലോയ് വീലുകള്‍, ഉയര്‍ന്ന് നില്‍ക്കുന്ന പില്ലിയണ്‍ സീറ്റ് എന്നിവ എന്‍എക്‌സ്200-ലും ചെറിയ മാറ്റങ്ങളോടെ തുടരാനാണ്. അഡ്വഞ്ചര്‍ ബൈക്ക് ആയതുകൊണ്ട് വ്യത്യസ്തവും നീളം കൂടിയതുമായ വൈസര്‍ എന്‍എക്‌സ്200ല്‍ ഉണ്ടാകും എന്ന് ടീസര്‍ വീഡിയോ ഉറപ്പിക്കുന്നു. നക്കിള്‍ ഗാര്‍ഡില്‍ ക്രമീകരിച്ചിരിക്കുന്ന ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളും പുതുമയാണ്. വ്യത്യസ്തമായ ടയറുകള്‍, ട്രാവല്‍ കൂടിയ സസ്‌പെന്‍ഷന്‍, വലിപ്പമേറിയ ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവ ഹോണ്ട എന്‍എക്‌സ്200-ല്‍ പ്രതീക്ഷിക്കാം. ഏകദേശം 1.45 ലക്ഷം ആണ് എക്സ്-ഷോറൂം വിലയായി കണക്കാക്കുന്നത്.

 

Top