ഹോണ്ടയുടെ നെയ്ക്കഡ് CB300R മോഡല്‍ ഇന്ത്യയില്‍ പേറ്റന്റ് നേടി

ഹോണ്ടയുടെ നെയ്ക്കഡ് CB300R മോഡല്‍ ഇന്ത്യയില്‍ പേറ്റന്റ് നേടി. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പിറന്ന ബൈക്ക് ഇത്രപെട്ടെന്ന് ഇന്ത്യയില്‍ പേറ്റന്റ് നേടുമെന്ന് ബൈക്ക് പ്രേമികള്‍ ഒരിക്കലും വിചാരിച്ചില്ല. പേറ്റന്റ് നേടിയ സ്ഥിതിക്ക് CB300R നെ ഇനി വിപണിയില്‍ ഉടന്‍ പ്രതീക്ഷിക്കാം.

പ്രശസ്ത CBR300R മോഡലിന്റെ നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ പതിപ്പായി ഒരുങ്ങുന്ന CB300R, രൂപത്തിലും ഭാവത്തിലും അക്രമണോത്സുകത നിറഞ്ഞ ശൈലിയാണ് പുലര്‍ത്തുന്നത്. ക്ലാസിക് ഭാവം വെളിപ്പെടുത്തുന്ന വട്ടത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പും വലിയ ഇന്ധനടാങ്കും CB300R ല്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

നാലു വാല്‍ ഹെഡും ഇരട്ട ഓവര്‍ഹെഡ് ക്യാംഷാഫ്റ്റുകളും എഞ്ചിന്റെ സവിശേഷതയാണ്. 30.5 bhp കരുത്തും 27.5 Nm torque ഉം ബൈക്കിലുള്ള 286 സിസി എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സിംഗിള്‍ പീസ് ഹാന്‍ഡില്‍ബാര്‍ റൈഡിംഗ് പൊസിഷനെ കാര്യമായി സ്വാധീനിക്കും.

നിലവില്‍ ഇന്ത്യയില്‍ ഹോണ്ടയ്ക്ക് നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലില്ല. ആകെ CBR300R മാത്രമാണ് കമ്പനിയുടെ പെര്‍ഫോര്‍മന്‍സ് ബൈക്ക് നിരയിലുള്ളത്. സ്‌പോര്‍ട്‌സ് ക്രൂയിസര്‍ ബജാജ് ഡോമിനാര്‍ 400 ന് ഒത്ത എതിരാളിയാണ് ഹോണ്ട CB300R.

Top