ഇന്ത്യന്‍ വിപണിയെ പിടിച്ചു കുലുക്കാന്‍ ഹോണ്ട; പുതിയ ഇരുചക്ര വാഹനങ്ങളെ അവതരിപ്പിച്ചേയ്ക്കും

 

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ പുതിയ ഇരുചക്ര വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ പെട്രോളില്‍ ഓടുന്ന ചില ഇരുചക്ര വാഹനങ്ങളുടെ പേറ്റന്റ് ഫയല്‍ ചെയ്ത കമ്പനി ഇപ്പോള്‍ രണ്ട് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ പേരുകള്‍ക്കും പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡാക്‌സ് ഇ, സൂമര്‍ ഇ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍ എന്നാണ് വിവരം. അതേസമയം പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനായി പേറ്റന്റ് അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

ഇന്ത്യന്‍ വിപണിയില്‍ കമ്പനി ഇതിനകം മറ്റു ചില പേരുകള്‍ക്കും ഹോണ്ട പേറ്റന്റ് അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. ഡാക്‌സ് ഇ, സൂമര്‍ ഇ എന്നിവയ്ക്കായി പേറ്റന്റുകള്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ്, കമ്പനി പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായ ഹോണ്ട CBR250RR, ഹോണ്ട CL300 എന്നിവയ്ക്ക് പേറ്റന്റുകള്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇവയുടെയൊന്നും ലോഞ്ച് സംബന്ധിച്ച് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

2023 ജനുവരി 10-ന്, ഹോണ്ട അതിന്റെ ഐക്കണിക് മോഡലുകളുടെ മാതൃകയിലുള്ള ഡാക്‌സ്, സൂമര്‍, കബ് എന്നീ മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ ലോഞ്ച് ചെയ്ത ഈ ആകര്‍ഷകമായ ഇലക്ട്രിക് മോപ്പഡുകളില്‍ രണ്ടെണ്ണമായിരിക്കും ഇന്ത്യയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട ഡാക്‌സ് ഇ, ഹോണ്ട സൂമര്‍ ഇ എന്നിവ ചെറിയ വലിപ്പത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. ഈ രണ്ട് മോഡലുകളും ഐക്കണിക് സൂമര്‍ സ്‌കൂട്ടറിനെയും ഡാക്സ് മിനി ബൈക്കിനെയും അനുസ്മരിപ്പിക്കുന്ന സ്‌റ്റൈലിംഗ് ഫീച്ചര്‍ ചെയ്യുന്നു. രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളിലും ബോഷ് ഹബ് മോട്ടോറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ചാര്‍ജില്‍ ഇത് 80 കിലോമീറ്റര്‍ വരെ ഓടും. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും.

എല്‍സിഡി ഇന്‍സ്ട്രുമെന്റേഷന്‍, ഹെഡ്ലാമ്പുകള്‍ക്കുള്ള എല്‍ഇഡി ലൈറ്റിംഗ്, മുന്നിലും പിന്നിലും ഡിസ്‌ക്-ടൈപ്പ് ബ്രേക്കുകള്‍ എന്നിങ്ങനെ നിരവധി ആധുനിക സവിശേഷതകളോടെ ആയിരിക്കും ഹോണ്ട ഡാക്‌സ് ഇ, ഹോണ്ട സൂമര്‍ ഇ എന്നിവ വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും ഹോണ്ട പുറത്തിറക്കുമോ ഇല്ലയോ, അഥവാ അവ എപ്പോള്‍ പുറത്തിറക്കുമെന്നോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം 2024 ഓടെ ഹോണ്ട ആക്ടിവ ഇലക്ട്രിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

Top