ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് ഹോണ്ട!

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍ കമ്പനി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. ചൈനയില്‍ ആണ് ഹോണ്ട ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റില്‍ ഇറങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ടയുടെ ചൈനീസ് വിഭാഗമായ വുയാങ് ഹോണ്ട യു-ഗോ എന്ന പേരില്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

റെഗുലര്‍, ലോ-സ്പീഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ എത്തുന്നത്. 48V 30Ah ലിഥിയം അയണ്‍ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കാണ് ഹോണ്ട യു-ഗോയുടെ ഹൃദയം. റെഗുലര്‍ മോഡലില്‍ 1.2kW ഹബ് മോട്ടോറും ലോ-സ്പീഡ് വേരിയന്റിന് ശക്തി കുറഞ്ഞ 800W മോട്ടോര്‍ ലഭിക്കുന്നു. കരുത്ത് കൂടിയ പതിപ്പ് പരമാവധി 65 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്. അതേസമയം യു-ഗോയുടെ ലോ-സ്പീഡ് വേരിയന്റ് 130 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യും. റെഗുലര്‍ വേരിയന്റ് പരമാവധി 53 കിലോമീറ്റര്‍ വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്.

ഒരു കൊച്ചുസുന്ദരിയാണ് ഹോണ്ടയുടെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍. ഭംഗിയുള്ളതും ചുരുങ്ങിയതുമായ ഡിസൈന്‍ സമീപനമാണ് സ്‌കൂട്ടറിനായി കമ്പനി സ്വീകരിച്ചിരിക്കുന്നത്. മുന്‍വശത്തെ ആപ്രോണില്‍ ട്രിപ്പിള്‍ ബീമുകളും മെയിന്‍ ക്ലസ്റ്ററിന് ചുറ്റുമുള്ള ഒരു എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപ്പും ഉള്ള ഒരു മിനുസമാര്‍ന്ന എല്‍ഇഡി ഹെഡ്ലൈറ്റാണ് കുഞ്ഞന്‍ സ്‌കൂട്ടറിന്.

ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഹാന്‍ഡില്‍ബാറിന്റെ വശങ്ങളില്‍ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. പിന്‍ഭാഗത്ത് മെലിഞ്ഞ എല്‍ഇഡി ടെയില്‍ലൈറ്റും സിംഗിള്‍-പീസ് പില്യണ്‍ ഗ്രാബ് റെയിലും ബോഡിയിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഹാന്‍ഡില്‍ബാര്‍, ഫ്‌ലോര്‍ബോര്‍ഡ്, അണ്ടര്‍ബെല്ലി, ടെയില്‍ സെക്ഷന്‍, റിയര്‍ സസ്‌പെന്‍ഷന്‍, റിയര്‍ മഡ്ഗാര്‍ഡ് എന്നിവയിലെ ബ്ലാക്ക് ഔട്ട് പാനലുകള്‍ സ്‌പോര്‍ട്ടി കോണ്‍ട്രാസ്റ്റിന്റെ സൂചനയാണ് പറഞ്ഞുവെക്കുന്നതും.

സിംഗിള്‍-പീസ് ഫ്‌ലാറ്റ് സീറ്റ് വളരെ ലളിതമായ റൈഡിംഗ് എര്‍ണോണോമിക്‌സാണ് വാഗ്ദാനം ചെയ്യുന്നത്. 350 മില്ലീമീറ്റര്‍ നീളമുള്ള ഫ്‌ലോര്‍ബോര്‍ഡാണ് യു-ഗോയുടെ മറ്റൊരു പ്രത്യേകത. 26 ലിറ്റര്‍ ആണ് അണ്ടര്‍ സീറ്റ് സംഭരണ ശേഷി. പൂര്‍ണ-എല്‍ഇഡി ലൈറ്റിംഗ്, യൂട്ടിലിറ്റി ഗ്ലൗവ് ബോക്‌സ്, ആന്റി-തെഫ്റ്റ് അലാറം, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയാണ് ഈ വൈാഹനകത്തെ വേറിട്ടതാക്കുന്നു. വേഗത, റേഞ്ച്, ബാറ്ററി നില, റൈഡിംഗ് മോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്ന ഒരു എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളും സ്‌കൂട്ടറില്‍ ഉണ്ട്. 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയര്‍ അലോയ് വീലുകളിലാണ് സ്‌കൂട്ടര്‍ ഒരുങ്ങിയിരിക്കുന്നത്.

മുന്നില്‍ ഒരു ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഒരു ഡ്രം ബ്രേക്കും ഉള്‍പ്പെടുത്തിയിരിക്കുന്നു. 740 മില്ലീമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സീറ്റ് ഉയരം. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരണത്തോടെയുള്ള ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

 

Top