നിര്‍മാണപ്പിഴവ് ; ഹോണ്ട സ്‌കൂട്ടറുകള്‍ തിരിച്ചു വിളിക്കുന്നു

honda

നിര്‍മാണപ്പിഴവ് മൂലം ഇന്ത്യയില്‍ ഹോണ്ട സ്‌കൂട്ടറുകള്‍ തിരിച്ചു വിളിക്കുന്നു. വിപണിയില്‍ പ്രചാരമേറിയ ആക്ടിവ 125, ഗ്രാസിയ, ഏവിയേറ്റര്‍ മോഡലുകളില്‍ നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌കൂട്ടറുകളെ തിരിച്ചുവിളിക്കാനുള്ള കമ്പനിയുടെ തീരുമാനം.

സ്‌കൂട്ടറുകളുടെ മുന്‍ ഫോര്‍ക്കിലുള്ള ബോള്‍ട്ടിലാണ് പ്രശ്‌നം. ഫോര്‍ക്കുകള്‍ക്ക് ബലം കൂടുതലാണെന്ന് ഉപഭോക്താക്കള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. പരിശോധന ആവശ്യമുള്ള സ്‌കൂട്ടര്‍ ഉടമകളെ കമ്പനി ഡീലര്‍മാര്‍ വരും ആഴ്ചകളില്‍ നേരിട്ടു വിവരമറിയിക്കും. ആവശ്യമെങ്കില്‍ ബോള്‍ട്ട് സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ഇവര്‍ മാറ്റി നല്‍കും.

56,194 സ്‌കൂട്ടറുകളില്‍ നിര്‍മ്മാണപ്പിഴവ് ഉണ്ടെന്നാണ് കമ്പനിയുടെ പ്രാഥമിക വിലയിരുത്തല്‍. ഇതില്‍ ആക്ടിവ 125, ഗ്രാസിയ, ഏവിയേറ്റര്‍ മോഡലുകള്‍ ഉള്‍പ്പെടും. എന്നാല്‍ ആക്ടിവ 4G, ആക്ടിവ 5G മോഡലുകള്‍ക്ക് പ്രശ്‌നസാധ്യത തെല്ലുമില്ല. കാരണം ഈ രണ്ടു മോഡലുകള്‍ക്കും വേറിട്ട സസ്‌പെന്‍ഷന്‍ ഘടനയാണ് ഹോണ്ട നല്‍കുന്നത്.

2018 ഫെബ്രുവരി അഞ്ചിനും മാര്‍ച്ച് പതിനാറിനും ഇടയില്‍ നിര്‍മ്മിച്ച സ്‌കൂട്ടറുകളിലാണ് പരിശോധന നടക്കുക. വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഹോണ്ട വെബ്‌സൈറ്റിലൂടെയും ഉടമകള്‍ക്ക് സ്‌കൂട്ടര്‍ തിരിച്ചുവിളിച്ചിട്ടുണ്ടോ എന്നറിയാം. ബന്ധപ്പെട്ട ഉടമകള്‍ക്ക് ഇമെയില്‍, മൊബൈല്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ കമ്പനി അയക്കും.

ഹോണ്ട ആക്ടിവ 125, ഏവിയേറ്റര്‍ മോഡലുകള്‍ വിപണിയില്‍ എത്തിയിട്ട് ഏതാനും വര്‍ഷങ്ങളായി. എന്നാല്‍ അടുത്തിടെ ഹോണ്ട നിരയില്‍ അവതരിച്ച ഫ്‌ളാഗ്ഷിപ്പ് സ്‌കൂട്ടര്‍ ഗ്രാസിയയിലും നിര്‍മ്മാണ് പിഴവ് ഉടലെടുത്തെന്ന കാര്യം ശ്രദ്ധേയമാണ്. ഇരു മോഡലുകളിലുമുള്ള എഞ്ചിന് 8.5 bhp കരുത്തും 10.5 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പ്രീമിയം ഫീച്ചറുകളും ആകര്‍ഷകമായ രൂപഘടനയുമാണ് ഇന്ത്യയില്‍ ഗ്രാസിയയുടെ പ്രചാരം വര്‍ധിപ്പിച്ചത്.

എന്നാല്‍ ഏവിയേറ്ററില്‍ 110 സിസി എഞ്ചിനാണ്. 8 bhp കരുത്തും 8.77 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ഏവിയേറ്ററിലുള്ള 110 സിസി എഞ്ചിന് സാധിക്കും. നിര്‍മ്മാണ പിഴവ് കാരണം സ്‌കൂട്ടറുകള്‍ അപകടത്തില്‍പ്പെട്ടതായി ഇതുവരെ റിപ്പോര്‍ട്ടില്ല.

Top