വന്‍ ഇളവുകളുമായി ഹോണ്ട; വിവിധ മോഡലുകളിലായി 2.5 ലക്ഷം രൂപ വരെ ഇളവ്

പ്രീമിയം സെഡാനായ സിവിക്കിന് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഹോണ്ട. വ്യത്യസ്ത മോഡലുകളിലായി ഏകദേശം 2.5 ലക്ഷം രൂപ വരെയാണ് ഹോണ്ട ഇളവുകള്‍ നല്‍കുന്നത്. എല്ലാ ഡീസല്‍ മോഡലുകള്‍ക്ക് 2.5 ലക്ഷം വരെ ക്യാഷ് ഡിസൗണ്ടും പെട്രോള്‍ വിസിവിടിക്ക് ക്യാഷ് ഡിസ്‌കൗണ്ടായി 2 ലക്ഷം രൂപയുമാണ് കമ്പനി നല്‍കുന്നത്.

വിസിവിടി ഒഴികെയുള്ള പെട്രോള്‍ വകഭേദങ്ങള്‍ക്ക് 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് നല്‍കുന്നുണ്ട്. ഈ മാസം അവസാനം വരെയാണ് ഇളവുകള്‍ നിലവിലുള്ളത്. പത്താം തലമുറ സിവിക്കിന്റെ ഇന്ത്യയിലെ ഷോറൂം വില പെട്രോള്‍ വകഭേദങ്ങള്‍ക്ക് 18.06 ലക്ഷം രൂപ മുതലും ഡീസല്‍ പതിപ്പുകള്‍ക്ക് 21.39 ലക്ഷം രൂപ മുതലുമാണ്. പെട്രോള്‍ എന്‍ജിനോടെ മൂന്നു വകഭേദത്തിലും ഡീസല്‍ എന്‍ജിന്‍ സഹിതം രണ്ടു വകഭേദത്തിലുമാണു സിവിക് വില്‍പ്പനയ്ക്കുള്ളത്.

സിവിക്കിന്റെ ഒന്‍പതാം തലമുറ ഒഴിവാക്കിയാണു ഹോണ്ട 10ാം തലമുറയെ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ചത്. 2011ല്‍ വിപണി വിട്ട എട്ടാം തലമുറ സിവിക്കിലെ 1.8 ലീറ്റര്‍, ഐ വിടെക് പെട്രോള്‍ എന്‍ജിന്റെ പരിഷ്‌കരിച്ച പതിപ്പാണു പുതിയ കാറിലും ഇടംപിടിക്കുന്നത്. മലിനീകരണ നിയന്ത്രണത്തില്‍ ബിഎസ് ആറ് നിലവാരം പുലര്‍ത്തുന്ന എന്‍ജിന് 141 പിഎസ് കരുത്തും 174 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവും. എട്ടാം തലമുറ സിവിക്കില്‍ ഈ എന്‍ജിന്‍ സൃഷ്ടിച്ചിരുന്നത് 132 പി എസ് വരെ കരുത്തും 171 എന്‍ എം ടോര്‍ക്കുമായിരുന്നു. പാഡ്ല്‍ ഷിഫ്റ്റര്‍ സഹിതം സി വി ടി ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനു കൂട്ട്.

1.6 ലീറ്റര്‍, ഐ ഡിടെക് ഡീസല്‍ എന്‍ജിനോടെയും സിവിക് വില്‍പനയ്ക്കുണ്ട്. 120 പി എസ് വരെ കരുത്തും 300 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന ഈ എന്‍ജിനു കൂട്ട് ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ്.

Top