രണ്ട് ജനപ്രിയ മോഡലുകളുടെ റെപ്സോൾ പതിപ്പുകൾ പുറത്തിറക്കി ഹോണ്ട

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഹോർനെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്സോൾ പതിപ്പുകൾ പുറത്തിറക്കി. ഇന്ത്യയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന മോട്ടോജിപി റേസിന് മുന്നോടിയായാണ് ലോഞ്ച്.1,40,000 രൂപയും 92,300 രൂപയുമാണ് ഈ റെപ്‌സോൾ എഡിഷനുകളുടെ വില . പുതിയ ലിമിറ്റഡ് എഡിഷൻ റെപ്‌സോൾ മോഡലുകൾ ഇന്ത്യയിലെ ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളില്‍ ഉടനീളം ലഭ്യമാകും.

രണ്ട് സ്‌പെഷ്യൽ എഡിഷൻ മോഡലുകളും മെക്കാനിക്കൽ അപ്‌ഡേറ്റുകളൊന്നും നൽകുന്നില്ല. അപ്‌ഡേറ്റ് പൂർണ്ണമായും സൗന്ദര്യവർദ്ധകമാണ്. പുതിയ ഡിയോ 125 റെപ്‌സോൾ എഡിഷനും ഹോണ്ട ഹോർനെറ്റ് 2.0 നും ബോഡി പാനലുകളിലും അലോയ് വീലുകളിലും റെപ്‌സോൾ റേസിംഗ് സ്ട്രൈപ്പുകളോട് കൂടിയ റോസ് വൈറ്റും വൈബ്രന്റ് ഓറഞ്ച് ഡ്യുവൽ-ടോൺ കളർ കോമ്പിനേഷനും ലഭിക്കുന്നു. രണ്ട് സ്പെഷ്യൽ എഡിഷൻ ഉൽപ്പന്നങ്ങൾക്കും എച്ച്എംഎസ്ഐ ഒരു പ്രത്യേക 10 വർഷത്തെ വാറന്റി പാക്കേജ് (മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് + ഏഴ് വർഷത്തെ ഓപ്ഷണൽ) വാഗ്‍ദാനം ചെയ്യുന്നു.

ഹോർനെറ്റ് 2.0-ൽ നൽകിയിരിക്കുന്ന അതേ 184.4 സിസി പിജിഎം-ഫൈ എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹോർനെറ്റ് 2.0 സ്പെഷ്യൽ എഡിഷനും ലഭിക്കുന്നത്. ഈ മോട്ടോറിന് 12.70 കിലോവാട്ട് പവറും 15.19 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ സാധിക്കും. ഇതില്‍ അഞ്ച് സ്പീഡ് ഗിയർബോക്സും പുതിയ അസിസ്റ്റ് സ്ലിപ്പർ ക്ലച്ചും ഘടിപ്പിച്ചിരിക്കുന്നു. എൽഇഡി ഹെഡ്‌ലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ, എക്‌സ് ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ്, സ്പ്ലിറ്റ് സീറ്റ് സെറ്റപ്പ്, അഞ്ച് ലെവലുകൾ കസ്റ്റമൈസ് ചെയ്യാവുന്ന തെളിച്ചമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നു.

ഹോണ്ട ഡിയോ 125 സ്പെഷ്യൽ എഡിഷൻ യഥാക്രമം 6.09 കിലോവാട്ട്, 10.4Nm എന്നിവയുടെ പവറും ടോർക്കും നൽകുന്നു. സ്‍കൂട്ടറിന് അണ്ടർബോൺ ഫ്രെയിം ലഭിക്കുന്നു. കൂടാതെ ടെലിസ്‌കോപ്പിക് ഫോർക്ക് അല്ലെങ്കിൽ മോണോ-ഷോക്ക് സെറ്റ്-അപ്പ് വാഗ്ദാനം ചെയ്യുന്നു. സ്കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 171 എംഎം ആണ്, ഇക്വലൈസറോട് കൂടിയ കോംബി-ബ്രേക്ക് സിസ്റ്റത്തിന്റെ (സിബിഎസ്) സാന്നിധ്യമുണ്ട്. ഇതിന് ഹോണ്ടയുടെ സ്മാർട്ട് കീയും പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ലഭിക്കുന്നു.

റേസിംഗ് ഹോണ്ടയുടെ ഹൃദയമാണെന്നും മോട്ടോർസൈക്കിൾ റേസിംഗിന്റെ പരകോടിയായ മോട്ടോജിപി ഇന്ത്യയിൽ ആദ്യമായി സംഭവിക്കുമ്പോള്‍ ചരിത്രത്തിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യൻ ആരാധകർക്കിടയിൽ വളരെയധികം ആവേശമുണ്ടെന്നും ഹോണ്ടയുടെ ഏറ്റവും പുതിയ ഓഫറുകൾ അവതരിപ്പിച്ചുകൊണ്ട്, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. അവരുടെ ആവേശം വർധിപ്പിക്കാൻ, ഹോർനെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്‌സോൾ പതിപ്പുകൾ പുറത്തിറക്കിയെന്നും വരാനിരിക്കുന്ന ഭാരത്‌ജിപി മികച്ച വിജയമായിരിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top