ഹോണ്ട ഗുജറാത്തിലെ ഫാക്ടറിയില്‍ നിന്നും ആഗോള എന്‍ജിനുകളുടെ ഉല്‍പ്പാദനം ആരംഭിച്ചു

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ഗുജറാത്തിലെ വിഥല്‍പുര്‍ ഫാക്ടറിയില്‍ നിന്നും ആഗോള എന്‍ജിനുകളുടെ ഉല്‍പ്പാദനം ആരംഭിച്ചു. 250സിസി (അതിനു മുകളിലും) വിഭാഗം ടൂവീലറുകള്‍ ശക്തിപ്പെടുത്തുന്ന എന്‍ജിന്‍ തായ്‌ലണ്ട്, യുഎസ്, കാനഡ, യൂറോപ്പ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ഗള്‍ഫ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ഏറിയതാണ് ഇതിന് കാരണം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആദ്യ വര്‍ഷം 50,000 എന്‍ജിന്‍ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കും. പിന്നീട് വിപണി ഡിമാന്‍ഡ് ഏറുന്നതിന് അനുസരിച്ച് ശേഷി വര്‍ധിപ്പിക്കും. ആഭ്യന്തര, രാജ്യാന്തര വിപണികള്‍ക്കായി 135 കോടി രൂപയുടെ നിക്ഷേപത്തോടെ കമ്പനി ഇടത്തരം ഫണ്‍ മോഡല്‍ എന്‍ജിനുകളാണ് ഗുജറാത്ത് പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുക.

ആഗോള തലത്തില്‍ മൊബിലിറ്റിയുടെ ഡിമാന്‍ഡ് ഏറുന്നതോടെ ഹോണ്ട ലോകം മുഴുവന്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് ഇന്ത്യയില്‍ ബിഎസ്6 കൂടി അവതരിപ്പിച്ചതോടെ തങ്ങളും ഇതിനോട് ഒരു ചുവടു കൂടി അടുത്തുവെന്നും ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നതെന്നും ഈ പുതിയ വികസനത്തോടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുകയാണെന്നും ലോകത്തിനായി മേക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

ആഗോള എന്‍ജിന്‍ ലൈനിലേക്ക് ഉയര്‍ന്നതോടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ നിലവിലെ കയറ്റുമതി ശേഷി, വിപണിയുടെ കാര്യത്തിലും നിലവാരത്തിലും, പുതിയ ഉയരങ്ങളിലെത്തിക്കുകയാണെന്നും വികസനത്തിന്റെ ഭാഗമായി മെഷിനിങ്, എന്‍ജിന്‍ അസംബ്ലി, സ്‌റ്റോറേജ് സംവിധാനം എന്നിങ്ങനെ വിവിധ ഉല്‍പ്പാദന ഘട്ടങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍ അവതരിപ്പിക്കുകയാണെന്നും ഉയര്‍ന്ന വൈദഗ്ധ്യമുള്ള മാനവശേഷിക്കൊപ്പം ആധുനിക സാങ്കേതിക വിദ്യയും ചേര്‍ത്ത് അടിത്തറ മുതല്‍ കെട്ടിപ്പടുക്കുന്നതിനാല്‍ മികച്ച നിലവാരവും ഉറപ്പാക്കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ചീഫ് പ്രൊഡക്ഷന്‍ ഓഫീസറും ഡയറക്ടറുമായ ഇചിരോ ഷിമോകാവ പറഞ്ഞു.

Top