ഹോണ്ട യൂണികോണ്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ചു

ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് നിരവധി മോഡലുകളുടെ വില വര്‍ധിപ്പിച്ചു. അതില്‍ ഏറ്റവും ജനപ്രിയമായ യൂണികോണും ഉള്‍പ്പെടുന്നുണ്ട്. സിംഗിള്‍ വേരിയന്റില്‍ ലഭ്യമാകുന്ന 160 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിളിന് 955 രൂപയാണ് ഉയര്‍ത്തിയത്.

നേരത്തെ 93,593 രൂപയായിരുന്നു ഹോണ്ട യൂണികോണിനായി മുടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ബൈക്കിനായി 94,548 രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

അതേ ബിഎസ്-VI 162.7 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് യൂണികോണിന് കരുത്തേകുന്നത്. ഇത് 7,500 rpm-ല്‍ 12.5 bhp പവറും 5,500 rpm-ല്‍14 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്‍ മോണോ-ഷോക്കും അടങ്ങുന്നതാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

ബ്രേക്കിംഗിനായി മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഒരു ഡ്രം യൂണിറ്റുമാണ് ഹോണ്ട യൂണിക്കോണില്‍ ഇടപിടിച്ചിരിക്കുന്നത്. സുരക്ഷക്കായി സിംഗിള്‍-ചാനല്‍ എബിഎസും ജാപ്പനീസ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ പതിപ്പില്‍ ആറ് വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും മൂന്ന് വര്‍ഷത്തെ എക്സ്റ്റെന്‍ഡ് വാറണ്ടിയുമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Top