honda – creta – market

നിരത്തിലെത്തിയതു മുതല്‍ തന്നെ തകര്‍പ്പന്‍ വില്‍പ്പന കൈവരിച്ചു മുന്നേറുകയാണു ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’. ഇന്ത്യയില്‍ മാത്രമല്ല, ‘ക്രേറ്റ’ വില്‍പ്പനയ്‌ക്കെത്തിയ വിദേശ വിപണികളിലും ഉജ്വല വരവേല്‍പ്പാണു ഹ്യുണ്ടേയിയുടെ ഈ കോംപാക്ട് എസ് യു വി സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വില്‍പ്പനയ്‌ക്കെത്തിയ ‘ക്രേറ്റ’ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നു വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ആവേശകരമായ സ്വീകരണം ലഭിച്ചതോടെ ലക്ഷത്തിലേറെ ബുക്കിങ്ങുകളാണ് ഇന്ത്യയിലും വിദേശത്തുമായി ‘ക്രേറ്റ’ വാരിക്കൂട്ടിയത്.

ഇതില്‍ 56,000 ‘ക്രേറ്റ’ മാത്രമാണു ഹ്യുണ്ടേയിക്കു നിര്‍മിച്ചു നല്‍കാനായത്. ഈ സാഹചര്യത്തില്‍ ‘ക്രേറ്റ’ ഉല്‍പ്പാദനം വീണ്ടും വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് എച്ച് എം ഐ എല്‍. പ്രതിമാസ ഉല്‍പ്പാദനം 30% വര്‍ധനയോടെ 13,000 യൂണിറ്റിലെത്തിക്കാനാണു തീരുമാനമെന്ന് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അറിയിച്ചു. ഇതുവഴി ‘ക്രേറ്റ’യ്ക്കായി കാത്തിരിക്കുന്നവര്‍ക്കു കൂടുതല്‍ വേഗത്തില്‍ പുതിയ വാഹനം ലഭ്യമാക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എസ് യു വിക്കുള്ള ആവശ്യം കുത്തനെ ഉയര്‍ന്നതോടെ പുതിയ ‘ക്രേറ്റ’യ്ക്കായി മൂന്നു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണു നിലവിലുള്ളത്. ഈ സാഹചര്യം പരിഗണിച്ച് ജൂണ്‍ മുതല്‍ ‘ക്രേറ്റ’യുടെ പ്രതിമാസ ഉല്‍പ്പാദനം 13,000 യൂണിറ്റായി ഉയര്‍ത്താനാണു ഹ്യുണ്ടേയിയുടെ തീരുമാനം. ഇതില്‍ 10,000 യൂണിറ്റ് ആഭ്യന്തര വിപണിയിലും ബാക്കി വിദേശ വിപണികളിലും വില്‍പ്പനയ്‌ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം.

‘ക്രേറ്റ’ അരങ്ങേറ്റം കുറിച്ച ലാറ്റിന്‍ അമേരിക്ക(കൊളംബിയ, കോസ്റ്റാറിക്ക, പെറു, പാനമ), മിഡില്‍ ഈസ്റ്റ്(ഒമാന്‍, യു എ ഇ, സൗദി അറേബ്യ), ആഫ്രിക്ക(ഈജിപ്ത്, മൊറോക്കൊ, നൈജീരിയ) തുടങ്ങിയ രാജ്യങ്ങളിലെല്ലാം മികച്ച സ്വീകരണമാണു ലഭിച്ചത്. ‘ക്രേറ്റ’യ്ക്ക് 28,000 ബുക്കിങ്ങുകളും ഈ വിപണികളില്‍ നിന്നു ലഭിച്ചു. ലോകവ്യാപകമായി എഴുപത്തി ഏഴോളം രാജ്യങ്ങളിലേക്കാണു ഹ്യുണ്ടേയ് ഇന്ത്യയില്‍ നിര്‍മിച്ച ‘ക്രേറ്റ’ കയറ്റുമതി ചെയ്യുന്നത്.

Top