ബ്രെസയോടും ക്രേറ്റയോടും മത്സരിക്കാനൊരുങ്ങി ഹോണ്ട, 2 എസ്‍യുവികൾ എത്തുന്നു

ണ്ട് പുതിയ എസ്‍യുവികളുമായി ഹോണ്ട എത്തുന്നു. അമേസ് പ്ലാറ്റ്ഫോമിൽ കോംപാക്റ്റ് എസ്‍യുവിയും മിഡ് സൈസ് എസ്‌യുവിയുമാണ് ഹോണ്ട പുറത്തിറക്കാൻ ഒരുങ്ങുന്നത്. അതിൽ കോംപാക്റ്റ് എസ്‌യുവി അടുത്ത വർഷം പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഹോണ്ട ജപ്പാനും ഇന്ത്യയും സംയുക്തമായാണ് വാഹനം വികസിപ്പിക്കുന്നത്.

ഡബ്ല്യുആർ–വിയുടെ പകരക്കാരൻ

നിലവിൽ വിപണിയിലുള്ള ഡബ്ല്യുആർ–വിയുടെ പകരക്കാരനായി 3യുഎസ് എന്ന കോഡു നാമത്തിലാണ് വാഹനം വികസിപ്പിക്കുന്നത്. മാരുതി ബ്രെസ, ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ്, ടാറ്റ നെക്സോൺ എന്നീ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന ചെറു എസ്‍യുവിയിൽ ഹോണ്ടയുടെ 1.5 ലീറ്റർ ഡീസൽ എൻജിനുമുണ്ടാകും. അടുത്തിടെ ഇന്തോനീഷ്യൻ മോട്ടോർഷോയിൽ പ്രദർശിപ്പിച്ച ആർ എസ് കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ വാഹനം വികസിപ്പിക്കുന്നത്. നാലു മീറ്ററിൽ താഴെ നീളവുമായി എത്തുന്ന വാഹനത്തിന്റെ 5500 മുതൽ 6200 യൂണിറ്റുകൾ ഒരു മാസം വിൽക്കാനാവും എന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്.

ക്രേറ്റയുടെ എതിരാളി, പുതിയ എസ്‌യുവി

നാലുമീറ്ററിൽ കൂടുതൽ നീളമുള്ള എസ്‍യുവി വിഭാഗത്തിൽ ക്രേറ്റയോടും സെൽറ്റോസിനോടും മത്സരിക്കാനാണ് പുതിയ വാഹനം ഹോണ്ട പുറത്തിറക്കുന്നത്. 2024 ആദ്യം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. സിറ്റിയുടെ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് എൻജിനുകൾ പുതിയ വാഹനത്തിലും പ്രതീക്ഷിക്കാം. തുടക്കത്തിൽ 5 സീറ്റ് വകഭേദവും പിന്നീട് 6, 7 സീറ്റ് വകഭേദങ്ങളും പുറത്തിറക്കാൻ ഹോണ്ടയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്. മാസം 3500 മുതൽ 4500 വാഹനങ്ങൾ വരെ വിൽക്കാനാണ് ഹോണ്ടയുടെ പദ്ധതി.

Top