Honda Civic

പാര്‍ക്കിങ് ബ്രേക്കുകള്‍ക്ക് പ്രവര്‍ത്തന തകരാറുണ്ടെന്ന സംശയത്താല്‍ യു എസില്‍ വിറ്റ 3.50 ലക്ഷം ‘സിവിക്’ കാറുകള്‍ തിരിച്ചു വിളിക്കാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സ് ഒരുങ്ങുന്നു.

യു എസില്‍ വിറ്റ ‘സിവിക്കി’നു മാത്രമാണു പരിശോധന ആവശ്യമെന്നും ഹോണ്ട വ്യക്തമാക്കി.

‘സിവിക്കി’ന്റെ ഇഗ്‌നീഷന്‍ ഓഫ് ചെയ്താലുടന്‍ ഉപയോഗിച്ചാല്‍ ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് പ്രവര്‍ത്തനക്ഷമമാവാതെ പോകാന്‍ സാധ്യതയുണ്ടെന്നാണു ഹോണ്ടയുടെ വിലയിരുത്തല്‍.

പ്രവര്‍ത്തനരഹിതമെങ്കില്‍ ഇന്‍സ്ട്രമെന്റ് പാനലിലെ ബ്രേക്ക് വാണിങ് ലൈറ്റ് തെളിയുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പാര്‍ക്കിങ് ബ്രേക്ക് പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഡ്രൈവര്‍ വാഹനം ഗീയറിലാക്കി തന്നെ നിര്‍ത്തിയിട്ടില്ലെങ്കില്‍ ഉരുണ്ടു നീങ്ങാന്‍ സാധ്യതയുണ്ടെന്നാണു ഹോണ്ടയുടെ നിഗമനം.

പാര്‍ക്കിങ് ബ്രേക്കിലെ പിഴവ് മൂലം ഇതുവരെ അപകടം സംഭവിക്കുകയോ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ഹോണ്ട അവകാശപ്പെട്ടു. വാറന്റി ക്ലെയിമുകളിലൂടെയാണ് തകരാര്‍ കണ്ടെത്തിയതെന്നും കമ്പനി വിശദീകരിക്കുന്നു. നിര്‍മാണ തകരാറുള്ള കാറുകളുടെ ഉടമകളെ അടുത്ത മാസം മുതല്‍ വിവരം അറിയിച്ചു തുടങ്ങുമെന്നാണു ഹോണ്ടയുടെ പ്രഖ്യാപനം. തകരാറുള്ള കാറുകളുടെ അറ്റകുറ്റപ്പണി സൗജന്യമായി നടത്തുമെന്നും കമ്പനിയുടെ വാഗ്ദാനമുണ്ട്.

Top