ജപ്പാനില്‍ സിവിക് സെഡാന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ഹോണ്ട കാഴ്‌സ്

ന്മനാടായ ജപ്പാനില്‍ സിവിക് സെഡാന്‍ വില്‍പന അവസാനിപ്പിക്കുയാണെന്ന് ഹോണ്ട കാഴ്‌സ്. ജപ്പാനില്‍ കാറിന് ആവശ്യക്കാരില്ലാതെ വന്നതോടെയാണ് ഹോണ്ട സിവിക്കിനെ കൈവിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെറും 1,619 യൂണിറ്റായിരുന്നു സിവിക് ജപ്പാനില്‍ കൈവരിച്ച വില്‍പന, ഇതോടെ ആഭ്യന്തര വിപണിയില്‍ നിന്നു കാര്‍ പിന്‍വലിക്കാന്‍ ഹോണ്ട തീരുമാനിക്കുകയായിരുന്നു.

സെഡാന്‍ രൂപത്തില്‍ സിവിക് ലഭ്യമാവില്ലെങ്കിലും അഞ്ചു വാതിലുള്ള, ഹാച്ച്ബാക്ക് രൂപത്തില്‍ കാര്‍ ജാപ്പനീസ് വിപണിയില്‍ തുടരുമെന്ന് ഹോണ്ട വ്യക്തമാക്കുന്നു. പ്രകടനക്ഷമതയേറിയ സിവിക് ടൈപ് ആറും വില്‍പനയിലുണ്ടാവും. നിലവിലുള്ള മോഡലുകളുടെ കാലപരിധി പൂര്‍ത്തിയാവും വരെ സിവിക് ഹാച്ച്ബാക്കും ടൈപ് ആറും ജപ്പാനില്‍ വില്‍പനയില്‍ തുടരുമെന്നാണ് ഹോണ്ട നല്‍കുന്ന സൂചന.

നിലവില്‍ വിപണിയിലുള്ള 10ാം തലമുറ സിവിക് സെഡാന്‍ 2016ലാണ് നിരത്തിലെത്തിയത്. തുടര്‍ന്നു രണ്ടു വര്‍ഷത്തിനു ശേഷം കാറില്‍ ചില ഇടക്കാല പരിഷ്‌കാരവും ഹോണ്ട നടപ്പാക്കിയിരുന്നു. 1972ല്‍ അരങ്ങേറ്റം കുറിച്ച സിവിക്കിന് ജപ്പാനില്‍ മാത്രമല്ല ഒട്ടേറെ വിദേശ വിപണികളിലും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് 2013ല്‍ സിവിക്കിനെ ഹോണ്ട പിന്‍വലിച്ചിരുന്നു, കാറിന്റെ എട്ടാം തലമുറ മോഡലായിരുന്നു അന്നു വില്‍പനയിലുണ്ടായിരുന്നത്. മാത്രമല്ല ഒന്‍പതാം തലമുറ സിവിക് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയതേയില്ല. കഴിഞ്ഞ വര്‍ഷമാണ് ഹോണ്ട സിവിക്കിന്റെ 10ാം തലമുറ മോഡല്‍ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ചത്.

പോരെങ്കില്‍ ഈ മോഡലിനൊപ്പം ഹോണ്ട, ഡീസല്‍ എന്‍ജിനുള്ള സിവിക്കും ഇന്ത്യയില്‍ ലഭ്യമാക്കി, 120 ബി എച്ച് പിയോളം കരുത്തു സൃഷ്ടിക്കുന്ന 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനായിരുന്നു കാറിലുണ്ടായിരുന്നത്. എന്നാല്‍ മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പ്രാബല്യത്തിലെത്തിയതോടെ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ എന്‍ജിന്‍ പിന്‍വലിക്കാന്‍ ഹോണ്ട നിര്‍ബന്ധിതരുമായി.

അടുത്ത മാസം മുതല്‍ ബി എസ് ആറ് നിലവാരമുള്ള ഡീസല്‍ എന്‍ജിനോടെ സിവിക് ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണു ഹോണ്ടയുടെ പ്രഖ്യാപനം. കാറിനുള്ള ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സിവിക്കിലെ പെട്രോള്‍ എന്‍ജിനാവട്ടെ 2019ലെ അവതരണ വേള മുതല്‍ തന്നെ ബി എസ് ആറ് നിലവാരത്തിലാണ്. ഇന്ത്യയില്‍ സെഡാന്‍ രൂപത്തില്‍ മാത്രമാണ് സിവിക് വില്‍പ്പനയ്ക്കുള്ളത്.

Top