പുതിയ ഹോണ്ട സിവിക്; മാര്‍ച്ച് എട്ടിന് വിപണിയിലെത്തും

ഹോണ്ട സിവിക് മാര്‍ച്ച് എട്ടിന് വിപണിയിലെത്തിക്കുമെന്ന് കമ്പനി. സിവികിന്റെ മടങ്ങി വരവ് വാഹനലോകത്ത് ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. കഴിഞ്ഞ വര്‍ഷമെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വരവ് ഒരു വര്‍ഷത്തേക്ക് കൂടി നീളുകയായിരുന്നു.

സിവികിന്റെ പത്താം തലമുറയെയാണ് ഹോണ്ട നിരത്തിലെത്തിക്കാനൊരുങ്ങുന്നത്. 2018ല്‍ മൂന്ന് വാഹനം ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അമേസും സിആര്‍യുവും മാത്രമാണ് എത്തിയത്. മുന്‍ തലമുറയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ സിവിക്ക് എത്തുന്നത്.

പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ മനോഹരമാക്കുമ്പോള്‍ പുതിയ ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്ന ബമ്പര്‍, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവയില്‍ മാറ്റം വരുത്തിയാണ് പിന്‍ഭാഗത്തെ അലങ്കരിച്ചിരിക്കുന്നത്.

7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയും ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ പുതിയ സിവിക്കില്‍ പ്രതീക്ഷിക്കാം. ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര, സ്‌കോഡ ഒക്ടാവിയ എന്നീ സെഡാന്‍ മോഡലുകളുമയായാരിക്കും പുതിയ സിവിക് നിരത്തില്‍ ഏറ്റുമുട്ടുക.

Top