honda city – rate – increse

ഉല്‍പ്പാദന ചെലവ് ഉയര്‍ന്നതു പരിഗണിച്ചു പുതിയ സാമ്പത്തിക വര്‍ഷത്തോടെ കാര്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍) ഒരുങ്ങുന്നു.

വിദേശ നാണയ വിനിമയ നിരക്കില്‍ രൂപയ്ക്കു നേരിടുന്ന ദൗര്‍ബല്യം കൂടി പരിഗണിച്ച് ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ വിലയില്‍ ഏപ്രില്‍ മുതല്‍ 6,000 രൂപയുടെ വരെ വര്‍ധനയാണു കമ്പനി പരിഗണിക്കുന്നത്.

ഈ മാസം ആദ്യവും ഹോണ്ട കാഴ്‌സ് ഇന്ത്യ വാഹന വില വര്‍ധിപ്പിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച സെസിന്റെ പേരില്‍ വാഹന വിലയില്‍ 79,000 രൂപയുടെ വരെ വര്‍ധനയാണു കമ്പനി നടപ്പാക്കിയത്.

നിലവില്‍ ആറു മോഡലുകളാണു ഹോണ്ട കാഴ്‌സ് ഇന്ത്യയില്‍ വില്‍ക്കുന്നത്: ഡല്‍ഹി ഷോറൂമില്‍ 4.31 ലക്ഷം രൂപ വിലയുള്ള ചെറു കാറായ ‘ബ്രിയൊ’ മുതല്‍ 26 ലക്ഷം വില മതിക്കുന്ന സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘സി ആര്‍ വി’ വരെ. എന്‍ട്രി ലവല്‍ സെഡാനായ ‘അമെയ്‌സ്’, വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’, പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’, ഇടത്തരം സെഡാനായ ‘സിറ്റി’ എന്നിവയാണു ഹോണ്ടയുടെ മറ്റു മോഡലുകള്‍.

ഏപ്രില്‍ ആദ്യ വാരം മുതല്‍ കാര്‍ വിലയില്‍ വര്‍ധന നടപ്പാക്കുമെന്നു ഹോണ്ട കാഴ്‌സ് ഇന്ത്യ വക്താവ് വ്യക്തമാക്കി. ഉല്‍പ്പാദന ചെലവിലെ വര്‍ധനയും വിദേശ നാണയ വിനിമയ നിരക്കില്‍ രൂപ നേരിടുന്ന ചാഞ്ചാട്ടവും പരിഗണിച്ചാണു വില ഉയര്‍ത്തുന്നതെന്നും കമ്പനി വിശദീകരിച്ചു. അതേസമയം, ഓരോ മോഡലിന്റെയും കൃത്യമായ വില വര്‍ധന സംബന്ധിച്ചു ഹോണ്ട അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണു സൂചന.

Top