പുതിയ CB1000R മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

ഹോണ്ട പുതിയ 2021 മോഡൽ CB1000R സ്പോർട്‌സ് സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിൾ പുറത്തിറക്കി. മോഡൽ ഇയർ പരിഷ്ക്കരണത്തിന്റെ ഭാഗമായി ബൈക്കിന്റെ സ്റ്റൈലിംഗിൽ ചെറിയ മാറ്റങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്. റേഡിയേറ്ററിന്റെയും സൈഡ് പ്ലേറ്റുകളുടെയും സ്റ്റൈലിംഗും ഹോണ്ട പുതുക്കിയിട്ടുണ്ട്.

പുതിയ മോഡലിൽ ഏറ്റവും ശ്രദ്ധേയം പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ് ബെസെലാണ്. കൂടാതെ അല്പം കോണാകൃതിയിലുള്ളതും ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയ്‌ക്ക് കവർ പോലെ നൽകുന്ന ഒരു ഫ്ലൈ-സ്‌ക്രീനും ഹോണ്ട മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 2021 മോഡൽ CB1000R-ന് w-സ്‌പോക്ക് കാസ്റ്റ്-അലുമിനിയം വീലുകളാണ് ഇത്തവണ കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഹോണ്ട CB1000R ഇപ്പോൾ സീറ്റിനടിയിൽ ഒരു യുഎസ്ബി പോർട്ടും ബ്ലൂടൂത്ത് പ്രാപ്തമാക്കിയ അഞ്ച് ഇഞ്ച് കളർ ടിഎഫ്ടി ഡിസ്പ്ലേയും ഹോണ്ട സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ ഫീച്ചറുകളുമാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

2021 മോഡൽ CB1000R ൽ 998 സിസി ഇൻലൈൻ-ഫോർ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 143 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. ജാപ്പനീസ് നിർമ്മാതാവ് ശ്രേണിയിൽ ഒരു CB1000R ബ്ലാക്ക് എഡിഷൻ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ബ്ലാക്ക് ഔട്ട് തീമിലാണ് നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഹോണ്ട ആഫ്രിക്ക ട്വിൻ, ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100, ട്രയംഫ് ടൈഗർ 900 എന്നിവയുമായാണ് ഹോണ്ട CB1000R മാറ്റുരയ്ക്കുന്നത്. 15 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ പുതുക്കിയ മോഡലിന് വില പ്രതീക്ഷിക്കാം.

Top