ഹോണ്ട കാറുകൾക്ക് വില കൂടും, വർദ്ധനവ് ഇത്രയും വീതം

ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ അതിന്റെ മുഴുവൻ മോഡൽ ശ്രേണിക്കും വില കൂട്ടാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 30,000 രൂപ വരെ വില വർധിപ്പിക്കാനാണ് നീക്കം എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വില വർധന അടുത്ത വർഷം ജനുവരി മുതൽ പ്രാബല്യത്തിൽ വരും. ഇൻപുട്ട് ചെലവ് വർദ്ധിക്കുന്നതിന്റെ ആഘാതം നികത്താനും വരാനിരിക്കുന്ന കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിച്ച് ഉൽപ്പന്നങ്ങൾ തയ്യാറാക്കാനും ഈ വില വര്‍ദ്ധന സഹായിക്കും എന്നാണ് കമ്പനി പറയുന്നത്. BS6 മലിനീകരണ നിയന്ത്രണങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.

തത്സമയ ഡ്രൈവിംഗ് എമിഷൻ ലെവലുകൾ നിരീക്ഷിക്കാൻ ഒരു ഓൺബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം പുതിയ വാഹനങ്ങൾക്ക് ആവശ്യമാണ്. കാറ്റലിറ്റിക് കൺവെർട്ടർ, ഓക്‌സിജൻ സെൻസറുകൾ തുടങ്ങിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള പ്രധാന ഭാഗങ്ങൾ ഉപകരണം നിരന്തരം നിരീക്ഷിക്കും. ഇത് ഉദ്‌വമനം സൂക്ഷ്മമായി നിരീക്ഷിക്കാൻ സഹായിക്കും.

പെട്രോൾ എഞ്ചിനിലേക്ക് ഇൻജെക്ട് ചെയ്യുന്ന ഇന്ധനത്തിന്റെ സമയവും അളവും നിയന്ത്രിക്കുന്ന പ്രോഗ്രാം ചെയ്‍ത ഫ്യുവൽ ഇൻജക്ടറുകൾ വാഹനങ്ങൾക്ക് വേണമെന്നും ചട്ടങ്ങൾ ആവശ്യപ്പെടുന്നു. കത്തുന്ന ഇന്ധനത്തിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. ത്രോട്ടിൽ, ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകൾ, എയർ ഇൻടേക്ക് മർദ്ദം, എഞ്ചിന്റെ താപനില, എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള ഉദ്‌വമനത്തിന്റെ ഉള്ളടക്കം (പാർട്ടിക്കുലേറ്റ് മാറ്റർ, നൈട്രജൻ ഓക്‌സൈഡ്, CO2, സൾഫർ) എന്നിവ നിരീക്ഷിക്കാൻ വാഹനം ഉപയോഗിക്കുന്ന അർദ്ധചാലകങ്ങൾ പോലും നവീകരിക്കേണ്ടതുണ്ട്.

അത്തരം എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളുന്നതിനായി അതിന്റെ മോഡൽ ശ്രേണിയുടെ വില വർദ്ധിപ്പിക്കുകയാണ് എന്നാണ് ഹോണ്ട പറയുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ഇൻപുട്ട് വിലയിലെ സ്ഥിരമായ വർദ്ധനവും വരാനിരിക്കുന്ന റെഗുലേറ്ററി ആവശ്യകതകളും വിലയിരുത്തിയ ശേഷം, 2023 ജനുവരി മുതൽ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില പരിഷ്‌കരണത്തിന് വിധേയരാകേണ്ടിവരുമെന്ന് ഹോണ്ട കാർസ് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) കുനാൽ ബെൽ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ മാസം, കമ്പനി പ്രതിമാസ ആഭ്യന്തര വിൽപ്പന 7,051 യൂണിറ്റുകൾ രജിസ്റ്റർ ചെയ്‍തിരുന്നു. ഇത് 29 ശതമാനം വളർച്ചയാണ്. കൂടാതെ, 726 യൂണിറ്റുകൾ ഇവിടെയുള്ള നിർമ്മാണ കേന്ദ്രത്തിൽ നിന്ന് വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്തു.

Top