ഇന്ത്യ വിടുമെന്ന അഭ്യൂഹത്തിന് മറുപടിയുമായി ഹോണ്ട കാർസ് ഇന്ത്യ

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന പ്രചരണത്തിന് മറുപടിയുമായി ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട കാര്‍സ് ഇന്ത്യ രംഗത്ത്. ഇന്ത്യയിലെ ബിസിനസ്സ് അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്നും വരും ദിവസങ്ങളിൽ ഇത് വർദ്ധിപ്പിക്കാനാണ് പദ്ധതിയെന്നും കാർ നിർമ്മാതാവ് പറഞ്ഞതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനി ഉടൻ തന്നെ ഇന്ത്യയിലെ കച്ചവടം അവസാനിപ്പിക്കുകയോ അടുത്ത വർഷത്തോടെ നിലവിലുള്ള നിരവധി മോഡലുകൾ ലൈനപ്പിൽ നിന്ന് നിർത്തുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ആണ് ഹോണ്ട കാർസ് ഇന്ത്യയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ച് വ്യക്തമാക്കിയത്.

“ഞങ്ങൾ ഇവിടെ തുടരുകയാണ്. ഇപ്പോൾ ആഗോളതലത്തിൽ നാലാമത്തെ വലിയ വിപണിയായ ഒരു വിപണി ഞങ്ങൾ എന്തിന് ഉപേക്ഷിക്കുന്നു? 20 വർഷത്തില്‍ ഏറെയായി ഞങ്ങള ഇവിടെയുണ്ട്.. പോകാൻ ഒരു കാരണവുമില്ല..” വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുന്നതിനിടെ ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ പറഞ്ഞു,

നിലവിൽ സിറ്റി, അമേസ്, ഡബ്ല്യുആർ-വി, ജാസ് തുടങ്ങിയ മോഡലുകളാണ് ഹോണ്ട കാറുകൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. ജാപ്പനീസ് വാഹന ഭീമൻ ഈ വർഷമാദ്യം ഹൈബ്രിഡ് അവതാറിൽ അതിന്റെ മുൻനിര സെഡാൻ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കി. അടുത്ത വർഷം, ജാപ്പനീസ് കാർ നിർമ്മാതാവ് അതിന്റെ ലൈനപ്പിൽ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി കൂടി ചേർക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ സെഗ്‌മെന്റ് നേതാക്കളെയാണ് പുതിയ എസ്‌യുവി നേരിടുക.

Top